വർഷങ്ങളായി തുടർന്നുപോരുന്ന എമിറാത്തി പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ഈ വർഷത്തെ റമദാൻ മാസത്തിൽ നോമ്പുതുറ സമയം അറിയിക്കുന്നതിനായുള്ള ഇഫ്താർ പീരങ്കികൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ ദുബായ് പൊലീസ് പ്രഖ്യാപിച്ചു. ആകെ 33 സ്ഥലങ്ങളിലാണ് ഇത്തവണ പീരങ്കികൾ സജ്ജമാക്കുന്നത്. ഇതിൽ പ്രധാന കേന്ദ്രങ്ങളിലെ 6 സ്ഥിര പീരങ്കികളും, വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന മൊബൈൽ പീരങ്കികളും ഉൾപ്പെടുന്നു.
പീരങ്കി മുഴക്കുന്ന പ്രധാന കേന്ദ്രങ്ങൾ
ദുബായിലെ പ്രമുഖ ലാൻഡ്‌മാർക്കുകളിലായി 6 പീരങ്കികളാണ് സ്ഥിരമായി ഉണ്ടാവുക
എക്‌സ്‌പോ സിറ്റി ദുബായ് (പ്രധാന പീരങ്കി കേന്ദ്രം)
വിദ ക്രീക്ക് ഹാർബർ
ജുമൈറ ബീച്ച് റെസിഡൻസ് (JBR)
ദുബായ് ഫെസ്റ്റിവൽ സിറ്റി
ബുർജ് ഖലീഫ (ഇമാർ)
ഡമാക് ഹിൽസ്
കൂടുതൽ ജനങ്ങളിലേക്ക് ഈ പാരമ്പര്യം എത്തിക്കുന്നതിനായി മൊബൈൽ പീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് നഗരത്തിൽ മെയ്ദാൻ ഹോട്ടൽ, ഗ്രാൻഡ് സത്വ മോസ്‌ക്, സാബീൽ പാർക്ക്, ജുമൈറ, ഗ്ലോബൽ വില്ലേജ് തുടങ്ങി 16 വ്യത്യസ്ത കേന്ദ്രങ്ങളിൽ ഈ മൊബൈൽ പീരങ്കി എത്തും
ആദ്യമായി ഹത്തയിലെ താമസമേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി 11 സ്ഥലങ്ങളിൽ പീരങ്കി മുഴങ്ങും. 1960-കളിൽ നിർമ്മിച്ച രണ്ട് പഴയ ഫ്രഞ്ച് പീരങ്കികളാണ് ഇത്തവണ നോമ്പുതുറ സമയത്തും പെരുന്നാൾ ആഘോഷങ്ങളിലും വെടിമുഴക്കാൻ ഉപയോഗിക്കുന്നത്. 170 ഡെസിബെൽ ശബ്ദമുള്ള ഇവയുടെ മുഴക്കം 10 കിലോമീറ്റർ ദൂരെ വരെ കേൾക്കാൻ സാധിക്കും. യുഎഇയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായാണ് ഈ വിന്റേജ് പീരങ്കികളെ കണക്കാക്കുന്നത്.



