ലോകമെമ്പാടുമുള്ള ആളുകള്‍ ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നു. വാലന്റൈൻസ് ആഴ്ചയിലെ അവസാനത്തേതും ഏറ്റവും അവിസ്മരണീയവുമായ ദിവസമാണിത്. സമ്മാനങ്ങള്‍ നല്‍കിയും സ്നേഹം പങ്കുവെച്ചും ആശംസകള്‍ അറിയിച്ചുമുള്ള വാലന്റൈന്‍സ് ഡേ ആഘോഷം പൊടിപ്പൊടിക്കുകയാണ്.

പ്രണയത്തിന് പ്രായമില്ല, അതിരുകളില്ല. ഫെബ്രുവരി മാസം പിറക്കുന്നതോടെ ലോകം മുഴുവൻ പ്രണയത്തിന്റെ ചുവപ്പ് നിറത്തിലേക്ക് മാറും. ചോക്ലേറ്റുകളും റോസാപ്പൂക്കളും സമ്മാനങ്ങളുമായി പ്രണയിതാക്കള്‍ ഈ ദിനത്തെ വരവേല്‍ക്കുമ്പോള്‍, പലരും ചിന്തിക്കാറില്ല ഈ ആഘോഷത്തിന് പിന്നില്‍ വിറങ്ങലിപ്പിക്കുന്ന ഒരു ചരിത്രമുണ്ടെന്ന്?

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ യുദ്ധത്തില്‍ നിന്ന് ശ്രദ്ധ തിരിയുമെന്ന കാരണത്താല്‍ സൈനികര്‍ക്ക് വിവാഹം വിലക്കിയിരുന്നു. ആ കാലത്ത് പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാന്‍ സൈനികര്‍ക്ക് രഹസ്യമായി വിവാഹം നടത്തിക്കൊടുത്ത ഒരു പുരോഹിതനായിരുന്നു വാലന്റൈന്‍.
ഈ വിവരം അറിഞ്ഞ ക്ലോഡിയസ് വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ജയിലില്‍ കിടന്ന കാലയളവില്‍ വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. ഫെബ്രുവരി 14ന്, തല വെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്റൈന്‍’ എന്നെഴുതിയ ഒരു കുറിപ്പ് നല്‍കി. വാലന്റൈന്റെ മരണശേഷം ഫെബ്രുവരി 14 അദ്ദേഹത്തിന്റെ ഓര്‍മദിനമായി ആചരിക്കാന്‍ തുടങ്ങി.

വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത് 14-ാം നൂറ്റാണ്ട് മുതലാണ്. റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. പിന്നീട് ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

വാലന്റൈൻസ് ദിനത്തിന് മുമ്പായി പ്രണയത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഴ്ചയാണ് വാലന്റൈൻസ് വീക്ക് എന്നറിയപ്പെടുന്നത്. ഫെബ്രുവരി 7 ന് റോസ് ദിനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിവ വരുന്നു. ഒടുവില്‍, ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു, ഇത് ആഴ്ചയിലെ ഏറ്റവും പ്രത്യേക ദിവസമാണ്.

ഇന്നത്തെ ജെൻ സികള്‍ വാലന്റൈൻസ് ഡേ എന്നത് വെറുമൊരു പ്രണയദിനം മാത്രമല്ല. അവർ ഇതിനെ ‘സെല്‍ഫ് ലവ്’, എല്ലാത്തരം സ്നേഹബന്ധങ്ങളെയും ബഹുമാനിക്കാനുള്ള ദിവസം എന്നീ രീതികളിലും ആഘോഷിക്കുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ഡേറ്റിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയും വാലന്റൈൻസ് ആഘോഷത്തെ കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. എങ്കിലും, ആ പഴയ പുരോഹിതൻ ഉയർത്തിപ്പിടിച്ച ‘സ്നേഹിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’ എന്ന സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നു.

സമ്മാനങ്ങളും വസ്ത്രങ്ങളും നിരത്തി സ്റ്റേഷനറി കടകളും വസ്ത്ര വ്യാപാര ശാലകളും മറ്റും വില്പന കൊഴുപ്പിക്കുന്നുണ്ട്. കൗമാരക്കാരായ സ്‌കൂള്‍ – കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സമ്മാനങ്ങളും വസ്ത്രങ്ങളും കുറഞ്ഞ വിലയില്‍ നല്‍കി ആകർഷിക്കാനാണ് വ്യാപാരികളുടെ ശ്രമം. റെസ്റ്റോറന്റുകള്‍ പ്രത്യേക മെനു തയ്യാറാക്കുന്നു, എല്ലായിടത്തും ഡിസ്‌കൗണ്ടുകള്‍, പൂക്കടകളില്‍ തിരക്ക്. ഇ-കൊമേഴ്സ് ആപ്പുകളിലും പ്രത്യേക ഗിഫ്റ്റിംഗ് സെക്ഷൻ.

മാളുകളില്‍ ഹൃദയചിഹ്നങ്ങളും സെല്‍ഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. പൂക്കടകളില്‍ ചുവന്ന റോസാപ്പൂക്കള്‍ക്ക് വൻ ഡിമാൻഡാണ്. വിദേശപൂക്കള്‍ക്കും പ്രത്യേക ബൊക്കെകള്‍ക്കുമായി ഇന്നലെ മുതല്‍ വലിയ തിരക്കാണ്. ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി ദിനമായതിനാല്‍ ഇന്നലെ വൈകുന്നേരമായതോടെ മറൈൻ ഡ്രൈവ് നടപ്പാത പ്രണയിതാക്കളുടെ പ്രധാന കേന്ദ്രമായി മാറി.
പൈതൃക നഗരമായ ഫോർട്ട് കൊച്ചിയിലെ കഫേകളില്‍ പ്രത്യേക വാലന്റൈൻസ് സ്‌പെഷ്യല്‍ മെനുകളും സംഗീത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.