അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷം ഏപ്രിലിൽ ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
“ഞാൻ ഏപ്രിലിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സന്ദർശിക്കും. ഈ വർഷം അവസാനത്തോടെ അദ്ദേഹം അമേരിക്കയിലും എത്തും. ഇതിനായി ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്,” ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ വലിയ വ്യാപാര തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതിനൊരു താത്കാലിക പരിഹാരം ഉണ്ടായതിന് ശേഷമുള്ള നിർണ്ണായക കൂടിക്കാഴ്ചയാണിത്.
ഫെബ്രുവരി 4-ന് ട്രംപും ഷിയും തമ്മിൽ 90 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. വ്യാപാര വിഷയങ്ങൾ, ഇറാനിലെ സാഹചര്യം, റഷ്യ-യുക്രെയ്ൻ യുദ്ധം, തായ്‌വാൻ വിഷയം എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ട്രംപ് വ്യക്തമാക്കി. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം, ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് ഷി ജിൻപിങ് വലിയ പ്രാധാന്യമാണ് നൽകുന്നത്.



