നിശ്ചിത സമയപരിധിക്കുള്ളിൽ ആണവ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ ഇറാന് നേരിടേണ്ടി വരുന്നത് അതിഭീകരമായ പ്രത്യാഘാതങ്ങളായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇറാനെതിരെ ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. വരും മാസങ്ങളിൽ ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ കരാർ നടന്നില്ലെങ്കിൽ സൈനിക സമ്മർദ്ദം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
“നമുക്കൊരു കരാറിലെത്തേണ്ടതുണ്ട്, ഇല്ലെങ്കിൽ കാര്യങ്ങൾ വളരെ നാടകീയമായി മാറും. അങ്ങനെ സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, പക്ഷേ ഒരു കരാർ അത്യാവശ്യമാണ്,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാർ തയ്യാറായില്ലെങ്കിൽ അത് ഇറാന്റെ ഭാവിയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഫേസ് ടു (Phase Two) എന്ന ഘട്ടത്തിലേക്ക് നീങ്ങുമെന്നും ഇത് ഇറാനെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആദ്യ തവണ തന്നെ ഇറാൻ കരാറിന് തയ്യാറാവേണ്ടതായിരുന്നുവെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
അതേസമയം മധ്യേഷ്യയിലേക്ക് രണ്ടാമതൊരു യുഎസ് വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിക്കാൻ ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്ക് അമേരിക്ക സജ്ജമാണെന്ന വ്യക്തമായ സൂചനയാണിതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു



