2023 ജനുവരിയിൽ അമിതവേഗതയിലെത്തിയ പോലീസ് വാഹനം ഇടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി  കൻഡൂലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ അധികൃതർ സമ്മതിച്ചു. കുടുംബം ഫയൽ ചെയ്ത കേസിലാണ് ഈ ഒത്തുതീർപ്പ്.

കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട മുൻ സിയാറ്റിൽ പോലീസ് ഓഫീസർ കെവിൻ ഡേവിനും നഗരസഭയ്ക്കുമെതിരെ 2024-ൽ ഫയൽ ചെയ്ത 110 മില്യൺ ഡോളറിന്റെ വ്യവഹാരമാണ് ഈ ഒത്തുതീർപ്പിലൂടെ അവസാനിക്കുന്നത്. നഷ്ടപരിഹാരത്തുകയുടെ ഏകദേശം 20 മില്യൺ ഡോളറും  ഇൻഷുറൻസ് വഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒത്തുതീർപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ, ജാൻവി  കൻഡൂലയുടെ മരണം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് അഭിഭാഷക എറിക ഇവാൻസ് പറഞ്ഞു. സാമ്പത്തിക കരാർ കുടുംബത്തിന് ആശ്വാസം നൽകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ജാൻവി കൻഡൂലയുടെ ജീവൻ വിലപ്പെട്ടതാണെന്നും ഇവാൻസ് കൂട്ടിച്ചേർത്തു.

നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ മാസ്റ്റർ ബിരുദം ചെയ്യുകയായിരുന്ന കന്ദൂല, 2023 ജനുവരി 23-നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. മണിക്കൂറിൽ 25 മൈൽ വേഗത അനുവദനീയമായ സ്ഥലത്ത്, അമിതവേഗതയിലായിരുന്ന പോലീസ് ഓഫീസർ ഡേവ് 74 മൈൽ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്.

അപകടത്തിന്റെ ഭീകരതയിൽ ജാൻവി  കൻഡൂല നൂറടിയിലധികം ദൂരേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതം വളരെ വലുതായിരുന്നുവെന്ന് ഡാഷ്‌ക്യാം ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 2024 ഫെബ്രുവരിയിൽ, ക്രിമിനൽ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് ഡേവിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്താൻ വിസമ്മതിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് അശ്രദ്ധമായ ഡ്രൈവിംഗിന് പിഴ ചുമത്തുകയും പോലീസ് സേനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.