തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സർവിസ് മുടങ്ങരുതെന്നും ഇതിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെൻറ്. യാത്രക്കാർക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ യൂനിറ്റ് ഓഫിസർമാരും ശ്രദ്ധിക്കണമെന്നും കെ.എസ്.ആർ.ടി.സി സർക്കുലറിൽ പറയുന്നു. 

പണിമുടക്ക് ദിവസം സാധാരണ സർവിസുക​ളെല്ലാം ഓപറേറ്റ് ചെയ്യണം. സ്റ്റേ സർവിസുകൾ, ദീർഘദൂര സർവിസുകൾ, റിസർവേഷൻ സർവിസുകൾ, അന്തർസംസ്ഥാന സർവിസുകൾ എന്നിവ കൃത്യമായി നടത്തുന്നുണ്ടെന്ന് യൂനിറ്റ് ഓഫിസർമാർ ഉറപ്പുവരുത്തണം.ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്.