മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ വിമാന സർവിസ് കമ്പനിയായ ആകാശ എയറിന്റെ ഭാവി അനിശ്ചിതത്വത്തിൽ. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫിസറുമായ പ്രവീൺ അയ്യർ രാജിവെച്ചു. പ്രവർത്തനം തുടങ്ങി മൂന്ന് വർഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീൺ.
2022 ആഗസ്റ്റിൽ ആദ്യ യാത്ര തുടങ്ങുമ്പോൾ പ്രവീൺ ആകാശ എയർ ടീമിലുണ്ടായിരുന്നു. കമ്പനിയുടെ എക്സികുട്ടിവ് കമ്മിറ്റി അംഗംകൂടിയാണ്. പ്രവീൺ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഇൻഫർമേഷൻ ഓഫിസർ ആനന്ദ് ശ്രീനിവാസനെ പുതിയ കൊമേഴ്സ്യൽ ഓഫിസറായി കമ്പനി നിയമിച്ചു. കഴിഞ്ഞ വർഷം കമ്പനിയുടെ അന്താരാഷ്ട്ര സേവനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന നീലു ഖാത്രി രാജിവെച്ചിരുന്നു. അവരും ആകാശ എയറിന്റെ സഹസ്ഥാപകരിൽ ഒരാളായിരുന്നു.
പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേശ് ജുൻജുൻവാലയുടെ നേതൃത്വത്തിലാണ് ആകാശ എയർ പ്രവർത്തനം തുടങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിപ്രോ സ്ഥാപകൻ അസിം പ്രേംജി, രഞ്ജൻ പൈ തുടങ്ങിയവരിൽനിന്ന് കുടുംബം കൂടുതൽ നിക്ഷേപം സമാഹരിച്ചിരുന്നു. വളർച്ച മാന്ദ്യത്തിൽപെട്ട കമ്പനി പുതിയ വികസന പദ്ധതികൾ തയാറാക്കുന്നതിനിടെയാണ് പ്രവീൺ അയ്യരുടെ രാജി. വിമാനങ്ങൾ കൃത്യസമയത്ത് നിർമിച്ച് വിതരണം ചെയ്യാൻ ബോയിങ്ങിന് കഴിയാത്തതാണ് ആകശ നേരിടുന്ന പ്രതിസന്ധി. ഈ വർഷം മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ആഭ്യന്തര വിമാന യാത്ര വിപണിയിൽ അഞ്ച് ശതമാനം പങ്കാളിത്തമുള്ള ആകാശ, ഈ വർഷം 12 പുതിയ വിമാനങ്ങൾകൂടി വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്.



