കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാ​ഗീയതയും വർ​ഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയു​ഗ യാത്രയിൽ, കോഴിക്കോട് കുറ്റ്യാടിയിൽ ഷാഫി പറമ്പിൽ എംപിയെ സംസാരിക്കാൻ ക്ഷണിക്കാത്തതാണ് പുതിയ വിവാദം. 

സ്വാ​ഗത പ്രാസം​ഗികനായ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. സതീശനെ ക്ഷണിച്ചതോടെ ഷാഫി പറമ്പിൽ സ്വാ​ഗത പ്രാസം​ഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നതും കാണാം.

പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാൻ സ്വാ​ഗത പ്രസം​ഗികൻ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. ഈ സംഭവത്തിലാണ് ഷാഫി ഇപ്പോള്‍ വിശദീകരണം നൽകിയിരിക്കുന്നത്.