2026-ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ച് സൗദി അറേബ്യ. തീർത്ഥാടകർ എത്തുന്നതിന് മാസങ്ങൾക്ക് മുൻപേ വിസ അനുവദിക്കുന്ന നടപടികൾ ഫെബ്രുവരി എട്ടിന് ഔദ്യോഗികമായി ആരംഭിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയം ഔദ്യോഗിക കലണ്ടർ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തീർത്ഥാടകർ രാജ്യത്ത് എത്താൻ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ പ്രധാന ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള ഏകോപനവും ആസൂത്രണവും മെച്ചപ്പെടുത്തുന്നതിനായാണ് ത്വരിതപ്പെടുത്തിയ ഷെഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 2026 ഹജ്ജ് സീസണിന്റെ (1447 ഹിജ്റ വർഷം) പ്രാഥമിക ആസൂത്രണ പ്രവർത്തനങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം, 2025 ജൂൺ എട്ടിന് ലോകമെമ്പാടുമുള്ള ഹജ്ജ് കാര്യ ഓഫീസുകൾക്ക് പ്രാഥമിക ആസൂത്രണ രേഖകൾ വിതരണം ചെയ്തിരുന്നു.