ടെഹ്‌റാൻ: രാജ്യം യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. മേഖലയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന യുഎസിന്റെ സൈനിക സാന്നിധ്യത്തിൽ രാജ്യത്തിന് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയെ ഇറാന് വിശ്വാസമില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളിൽ ഗൗരവപൂർണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി ആരാഞ്ഞു. തന്ത്രപ്രധാന പങ്കാളികളായ ചൈനയും റഷ്യയുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം അടിച്ചേൽപിക്കപ്പെട്ടാലും സമ്പുഷ്ടീകരണത്തിൽനിന്ന് പിന്മാറാതെ എന്തുകൊണ്ടാണ് അതിനുവേണ്ടി നാം നിർബന്ധം പിടിക്കുന്നത്? കാരണം, നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം മറ്റാർക്കുമില്ല, നമുക്കാണുള്ളത്, അരാഘ്ചി പറഞ്ഞു. യുഎസിന്റെ സൈനികവിന്യാസം ഇറാനെ ഭയപ്പെടുത്തില്ലെന്നും അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ വരവിനെ പരാമർശിച്ച് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞകൊല്ലം ജൂൺമാസത്തിൽ 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ്-ഇറാൻ ചർച്ചകൾ പുനഃരാരംഭിച്ചത്. ഒമാനിലായിരുന്നു ചർച്ച. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകൾ കൈക്കൊള്ളുന്നതിന് പകരമായി യുഎസ് തങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ചർച്ച നടന്ന് രണ്ടുദിവസത്തിനുശേഷം ഞായറാഴ്ചയാണ് അരാഘ്ചിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.