ജനുവരിയിൽ കുറഞ്ഞത് 20 ഓളം സുഡാനീസ് കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായും അവരിൽ ഭൂരിഭാഗവും പടിഞ്ഞാറൻ സുഡാനിലെ കോർഡോഫാൻ, ഡാർഫർ മേഖലകളിലുള്ളതാണെന്നും യുണിസെഫ് വെളിപ്പെടുത്തി. സുഡാൻ ഉൾപ്പെടെ മേഖലയിലെ കുട്ടികളുടെ സ്ഥിതിഗതികളെ പരാമർശിച്ചുകൊണ്ട് യുഎൻ കുട്ടികളുടെ ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ യുദ്ധം നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ, സുഡാനിലെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം, സംരക്ഷണം, അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കൽ എന്നിവ ആവശ്യമാണെന്നും ഏജൻസി തങ്ങളുടെ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.

യുദ്ധം ആരംഭിച്ച ശേഷം സുഡാനിലെ കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണെന്നും പട്ടിണിയും രോഗവും മൂലം ആയിരക്കണക്കിന് കുട്ടികൾ ഇതുവരെ മരണമടഞ്ഞിട്ടുണ്ടെന്നും യുണിസെഫ് പറഞ്ഞു. നോർത്ത് ഡാർഫറിലെ അൽ ഫാഷറിലും കോർഡോഫാനിലെ കടുഗ്ലിയിലും ഇതിനകം ക്ഷാമം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റ് ഇരുപതോളം പ്രദേശങ്ങൾ അപകടത്തിലാണെന്നും യുണിസെഫ് അറിയിച്ചു.