അനുമതിയില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗോവ പൊലീസ്. വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ടൂറിസ്റ്റുകളെ ഉപദ്രവിക്കുകയും അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും ചെയ്ത കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ ഗോവയിലെ ബാഗാ ബീച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 170-ാം വകുപ്പ് പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഏതു നടപടിയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടി തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.