സൗദി അറേബ്യയിലെ ഒട്ടകങ്ങൾക്കും ഇനി പാസ്‌പോർട്ടുകൾ നൽകും. ഒട്ടകങ്ങളുമായി ബന്ധപ്പെട്ട മേഖലയെ കൃത്യമായി ക്രമീകരിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായാണ് ഈ നടപടി. രാജ്യത്തിന്റെ സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമാണിത്. സൗദി അറേബ്യയുടെ പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മൻസൂർ അൽമുഷൈത് ചൊവ്വാഴ്ച ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചു. രാജ്യം ഔദ്യോഗികമായി ‘ക്യാമൽ പാസ്‌പോർട്ട്’ (Camel Passport) ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ഓരോ ഒട്ടകത്തിന്റെയും ഐഡന്റിറ്റി, രേഖകൾ, ആരോഗ്യ വിവരങ്ങൾ എന്നിവ ഈ പാസ്‌പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഒട്ടകങ്ങൾക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒട്ടകങ്ങളെ വാങ്ങുന്നതിലും വിൽക്കുന്നതിലും വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും.

രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും സ്വർണ്ണനിറത്തിലുള്ള ഒട്ടകത്തിന്റെ ചിത്രവുമുള്ള പച്ച നിറത്തിലുള്ള പാസ്‌പോർട്ടിന്റെ ചിത്രം മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 2024-ലെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 22 ലക്ഷം ഒട്ടകങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം ഘട്ടം ഘട്ടമായി ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും.