തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ ആന്റണി എംപിക്കെതിരെ ആരോപണവുമായി തിരുവല്ലയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ രംഗത്ത്. 2019 തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി രൂപ പലിശയ്ക്ക് നൽകിയതായും, തിരികെ നൽകിയത് വെറും 20 ലക്ഷം മാത്രമാണെന്നും തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എൻ.എം.രാജു. വിഷയവുമായി ബന്ധപ്പെട്ട വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ക്രൈംബ്രാഞ്ചിനും അറിയിച്ചതായും രാജു വ്യക്തമാക്കി.
അതേസമയം, ഈ ഇടപാട് നിക്ഷേപകരുടെ പണമുപയോഗിച്ചാണെന്ന ആരോപണവും ഉയരുന്നുണ്ട്. തന്ത്രി കണ്ഠർ രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഉടമ വിശദീകരിച്ചു. ഇതിനിടെ, നിക്ഷേപ തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനവുമായി ബന്ധപ്പെട്ട സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് നടപടി. വിവിധ ജില്ലകളിലായി സ്ഥാപനത്തിനെതിരെ പൊലീസ് കേസുകളും നിലവിലുണ്ട്.
തന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികൾ രേഖകൾ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.



