റഷ്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജനറൽ വ്ലാദിമിർ അലക്സെയേവിന് മോസ്കോയിലെ ഒരു അപാർട്ട്മെന്റ് കെട്ടിടത്തിൽ വച്ച് വെടിയേറ്റതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജനറലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയാണ് വിവരം പുറത്തുവിട്ടത്. അപരിചിതനായ ഒരാൾ നിരവധി തവണ വെടിയുതിർക്കുകയും തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു എന്ന് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജനറൽ സ്റ്റാഫിൽ നിർണായക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് അലക്സെയേവ്. അദ്ദേഹമാണ് റഷ്യൻ ജനറൽ സ്റ്റാഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചീഫ് എന്നതും ഔദ്യോഗിക ജീവചരിത്രത്തിൽ വ്യക്തമാക്കുന്നു. 2022 ഫെബ്രുവരിയിൽ യുക്രെയ്നിനെതിരെ റഷ്യ പൂർണതോതിൽ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ചില ആക്രമണങ്ങൾക്ക് യുക്രെയ്ൻ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമുണ്ട്.
സൈനിക സേവനത്തിൽ ദീർഘകാല പരിചയമുള്ള അലക്സെയേവ്, സിറിയയിൽ മുൻ പ്രസിഡന്റ് ബഷാർ അൽ-അസാദിനെ പിന്തുണച്ചുള്ള റഷ്യൻ സൈനിക ഇടപെടലിനിടെ ഇന്റലിജൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വക്താവ് സ്വെത്ലാന പെത്രെങ്കോ അറിയിച്ചു.



