ജലന്ധർ: പഞ്ചാബിലെ ജലന്ധർ നഗരത്തിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെ ലക്കി ഒബ്റോയിയെയാണ് കൊലപ്പെടുത്തിയത്.
ലക്കി വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകൾ ലക്കി ഒബ്റോയിയുടെ ശരീരത്തിൽ പതിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന നേതാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്കി ഒബ്റോയിയുടെ ഭാര്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്വ രംഗത്തെത്തി. സംസ്ഥാനത്ത് എഎപി ഭരണത്തിൽ ക്രമസമാധാന നില തകർന്നെന്നും സ്വന്തം പാർട്ടി നേതാക്കളെ പോലും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളായ നിരവധി പേരും വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.



