ഇറാനിൽ തുടരുന്ന കനത്ത ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലുള്ള യുഎസ് പൗരന്മാർ രാജ്യം ഉടൻ വിടണമെന്നും മടങ്ങാനായി യുഎസ് സർക്കാരിൻ്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തെ പ്രക്ഷോഭങ്ങളും യാത്രാ തടസ്സങ്ങളും രൂക്ഷമായ സാഹചര്യത്തിൽ വെർച്വൽ യുഎസ് എംബസിയാണ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്നതും ആശയവിനിമയ സംവിധാനങ്ങളിലെ നിയന്ത്രണങ്ങളും യാത്രാ തടസ്സങ്ങളും സുരക്ഷിതമായി തുടരുന്നത് പ്രയാസകരമാക്കിയേക്കാമെന്നും അമേരിക്കൻ പൗരന്മാരോട് നിർദ്ദേശിച്ചു.

അതേസമയം, മേഖലയിൽ സംഘർഷം നിലനിൽക്കെ തന്നെ നയതന്ത്ര ചർച്ചകൾക്കും വഴി തുറക്കുന്നുണ്ട്. ഒമാൻ സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാവിലെ 11.30) ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ യുഎസ്-ഇറാൻ ആണവ ചർച്ചകൾ ആരംഭിക്കും.

ഏകദേശം ഒൻപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സുരക്ഷാ ഭീഷണികൾ വർദ്ധിക്കുമ്പോഴും നയതന്ത്ര ചർച്ചകൾ ഇരുരാജ്യങ്ങളും പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഇറാൻ ഉടൻ വിടാൻ നിർദ്ദേശം

“ഇറാൻ ഉടൻ വിടുക. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ തന്നെ ഇറാൻ വിടാനുള്ള പദ്ധതി തയ്യാറാക്കുക,” എന്ന് പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഔദ്യോഗികമായ ഒഴിപ്പിക്കൽ നടപടികൾക്ക് പരിമിതികളുണ്ടെന്ന് ബോധ്യമുള്ളതിനാൽ പൗരന്മാർ സ്വന്തം നിലയ്ക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്നും യുഎസ് നിർദ്ദേശിച്ചു.

ഇറാനിലുടനീളം തുടരുന്ന പ്രതിഷേധങ്ങൾ കാരണം കനത്ത സുരക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. റോഡുകൾ അടച്ചതും പൊതുഗതാഗതം തടസ്സപ്പെട്ടതും ഇൻ്റർനെറ്റ് വിച്ഛേദിച്ചതും മൊബൈൽ, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുകൾ തടസ്സപ്പെടുത്തിയതും പൗരന്മാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നത് യാത്രക്കാർക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

ബദൽ വഴികൾ

സുരക്ഷിതമാണെങ്കിൽ തുർക്കിയിലേക്കോ അർമേനിയയിലേക്കോ കരമാർഗ്ഗം മടങ്ങുന്ന കാര്യം പൗരന്മാർ ആലോചിക്കണം. ഉടനടി മടങ്ങാൻ കഴിയാത്തവർ വീടുകളോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങളോ കണ്ടെത്തി അവിടെ കഴിയണമെന്നും ആവശ്യത്തിന് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതണമെന്നും അധികൃതർ അറിയിച്ചു. ഇൻ്റർനെറ്റ് ബ്ലാക്ക്ഔട്ട് തുടരാൻ സാധ്യതയുള്ളതിനാൽ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്.