പ്രശസ്തമായ ഗ്രാമി അവാര്‍ഡുകള്‍ ഇത്തവണ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 68-ാമത് ഗ്രാമി അവാര്‍ഡ് വേദി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാഷട്രീയ സന്ദേശങ്ങള്‍ ഉയര്‍ത്തി പിടിച്ച ചടങ്ങായിരുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയ നിരവധി താരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും അദ്ദേഹത്തിന്റെ കുടിയേറ്റ നിയന്ത്രണ നിയമങ്ങളേയും നിശിതമായി വിമര്‍ശിച്ചു.
പ്രത്യേകിച്ച് കുടിയേറ്റ ഏജന്‍സിയായ ഐസിഇയുടെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ചടങ്ങില്‍ ഉയര്‍ന്നത്. ചടങ്ങിന്റെ അവതാരകനായ ട്രെവര്‍ നോഹ ട്രംപിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ട്രംപിനേയും അന്തരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെയും ബന്ധിപ്പിച്ചായിരുന്നു കൊമേഡിയനായ ട്രെവര്‍ നോഹയുടെ പരാമര്‍ശം. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ട്രെവര്‍ നോഹ പിന്നീട് അമേരിക്കയിലേക്ക് കുടിയേറി ആഗോള തലത്തില്‍ ശ്രദ്ധ നേടിയ അവതാരകനാണ്.
മിനസോട്ടയിലെ മിനിയാപൊളിസില്‍ കഴിഞ്ഞ മാസം ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് പേര് കൊല്ലപ്പെട്ട സംഭവം അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ നഗരങ്ങളില്‍ ഭരണകൂടം നടത്തുന്ന ആക്രമാസക്തമായ നിയമപാലന രീതികളെ ഗ്രാമി ജേതാക്കള്‍ പ്രസംഗങ്ങളിലൂടെ അപലപിച്ചു. യുഎസിലെ കുടിയേറ്റ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലരുടെയും വാക്കുകള്‍.
ചടങ്ങില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം താരങ്ങളും ‘ഐസിഇ ഔട്ട്’ എന്ന് രേഖപ്പെടുത്തിയ വട്ടത്തിലുള്ള വെളുത്ത പിന്നുകള്‍ ധരിച്ചാണ് എത്തിയത്. ജസ്റ്റിന് ബീബര്‍, ജോണി മിച്ചല്‍, കാരള്‍ കിംഗ് തുടങ്ങി നിരവധിയാളുകള്‍ ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ മാസം നടന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിലും സമാനമായ രീതിയില്‍ താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.



