വാഷിങ്ടൺ/ന്യൂഡൽഹി: യു.എസുമായുണ്ടാക്കിയ നിർണായക വ്യാപാരക്കരാറിന്റെ വിശദാശംങ്ങളെക്കുറിച്ച് ഇന്ത്യ മൗനം തുടരുമ്പോൾ കരാർവ്യവസ്ഥകൾ ആവർത്തിച്ചുപറഞ്ഞ് അമേരിക്ക. പാർലമെന്റിന്റെ ഇരുസഭകളിലും വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ നൽകിയ വിശദീകരണത്തിനപ്പുറം ഒന്നുമുണ്ടായില്ല. പ്രതിപക്ഷം ആശങ്കയുയർത്തിയ കാര്യങ്ങളിലൊന്നും അദ്ദേഹം വ്യക്തത വരുത്തിയില്ല.

എന്നാൽ, യുഎസിൽനിന്നുള്ള പഴം, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിതോത്പന്നങ്ങൾക്കും മറ്റ് വ്യാവസായികോത്പന്നങ്ങൾക്കും ഇന്ത്യ സമ്പൂർണ തീരുവയിളവ് (പൂജ്യം തീരുവ) നൽകുമെന്ന് യുഎസിന്റെ വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമിസൺ ഗ്രീർ പറഞ്ഞു.

കരാർപ്രകാരം റഷ്യയിൽനിന്ന് എണ്ണവാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റും അറിയിച്ചു. പകരം യു.എസിൽനിന്നും ചിലപ്പോൾ വെനസ്വേലയിൽനിന്നും എണ്ണവാങ്ങുമെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. മാത്രമല്ല വിവിധമേഖലകളിലായി യുഎസിൽ 50000 കോടി ഡോളറിന്റെ (ഏകദേശം 45.22 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിച്ചിട്ടുണ്ടെന്നും ലീവിറ്റ് അവകാശപ്പെട്ടു. ഗതാഗതം, ഊർജം, കാർഷികോത്പന്നങ്ങൾ, സാങ്കേതികം തുടങ്ങിയ മേഖലകളിലാകുമിത്.

തിങ്കളാഴ്ച അർധരാത്രിയാണ് ഇന്ത്യയുമായി വ്യാപാരക്കരാറായെന്നും തീരുവ 25 ശതമാനത്തിൽനിന്ന് 18 ആക്കി കുറച്ചെന്നും ട്രംപ് അറിയിച്ചത്.

ഇന്ത്യ തീരുവ കുറയ്ക്കും -യു.എസ്.

വ്യാപാരക്കരാറിനെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും സ്വാഗതം ചെയ്തു. അപൂർവധാതുക്കളുടെ കണ്ടെത്തലും ഖനനവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി സഹകരണം അന്തിമമാക്കുന്നതിനെക്കുറിച്ച് വാഷിങ്ടണിൽ നടന്ന യോഗത്തിൽ ഇരുനേതാക്കളും സംസാരിച്ചു.

പ്രതിപക്ഷംമുന്നോട്ട്

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുതടയിട്ട ഭരണപക്ഷത്തിന്റെ പ്രതിരോധവും അതിനെതിരായ പ്രതിപക്ഷപ്രതിഷേധവും തുടർച്ചയായ മൂന്നാംദിനവും ലോക്സഭയെ ബഹളത്തിൽ മുക്കി. പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും റിട്ട. ജനറൽ നരവണെയുടെയും ചിത്രം പതിച്ച വമ്പൻ ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ സഭ നിമിഷങ്ങൾമാത്രം സമ്മേളിച്ചശേഷം നിർത്തിവെച്ചു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും നടന്നില്ല.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് അഞ്ചോടെ മറുപടി പറയുമെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹം സഭയിലെത്തിയില്ല.

വൈകീട്ട് അഞ്ചിന് സമ്മേളിച്ച ഉടൻ ലോക്സഭ പിരിയുകയായിരുന്നു. നരവണെയുടെ വിവാദ പുസ്തകത്തിന്റെ കോപ്പി ഉയർത്തിപ്പിടിച്ച് ഉച്ചയ്ക്ക് രാഹുൽ ണ്ടസഭയിലെത്തി. ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്യപ്പെട്ട എട്ട് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിനുപുറത്ത് പ്രതിഷേധിച്ചു.

ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ ചില പുസ്തകങ്ങൾ ഉദ്ധരിച്ച് നെഹ്റു കുടുംബത്തെ കടന്നാക്രമിച്ചതോടെ പ്രതിപക്ഷം കൂടുതൽ പ്രകോപിതരായി.