കോട്ടയം: രാഷ്ട്രീയ നിലപാടുകളിലും സാമുദായിക ഐക്യത്തിലും എൻഎസ്എസിന്റെ നിലപാട് ആവർത്തിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സതീശനോടുള്ള എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി കാണേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

എസ്എൻഡിപിയുമായുള്ള ഐക്യശ്രമങ്ങളിൽനിന്ന് എൻഎസ്എസ് പിൻവാങ്ങിയതായും അദ്ദേഹം ആവർത്തിച്ചു. എസ്എൻഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സമീപനമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. എല്ലാ വിഭാഗങ്ങളുമായും ഐക്യം വേണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്‌കാരം ലഭിച്ചതിൽ എൻഎസ്എസിന് വിരോധമില്ലെന്നും എന്നാൽ എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

രാഷ്ട്രീയ കാര്യങ്ങളിൽ എൻഎസ്എസ് എന്നും സ്വീകരിച്ചുപോരുന്ന ‘സമദൂര നിലപാടിൽ’ മാറ്റമില്ല. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ അവഗണനകളിൽ എൻഎസ്എസിന് പരാതികളില്ല. പമ്പാ സംരക്ഷണ പദ്ധതിയിൽ എൻഎസ്എസ് പ്രത്യേക അവകാശവാദങ്ങൾ ഉന്നയിക്കില്ല. മറ്റുള്ളവരെപ്പോലെ ‘ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല’ എന്ന നിലവിളി എൻഎസ്എസിനില്ല. സംഘടനയുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് താല്പര്യം. കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടണം എന്നതാണ് എൻഎസ്എസ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.