മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു. വനിതാ നേതാവും കുക്കി വിഭാഗത്തില്‍ നിന്നുള്ള ആളുമായ നെംച കുപ്ജെന്‍, എന്‍പിഎഫിലെ ലോസി ഡിഖോയ് എന്നിവര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും.

ഖേംചന്ദ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതിനിധി സംഘം ലോക്ഭവനില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ച് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. 

ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് അറുപത്തിരണ്ടുകാരനായ സിങിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. യുംനാം ഖേംചന്ദ് 2017 ലും 2022 ലും എംഎല്‍എ ആയിരുന്നു. 2017 ല്‍ നിയമസഭാ സ്പീക്കറായ അദേഹം 2022 ലെ ബിരേന്‍ സിങ് സര്‍ക്കാരില്‍ അംഗമായിരുന്നു.