കാനഡയിലെ സറേയിൽ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ഇന്ത്യൻ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹർജോത് സിംഗ് (21), തരൺവീർ സിംഗ് (19), ദയാജീത് സിംഗ് ബില്ലിംഗ് (21) എന്നിവരാണ് പിടിയിലായത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ക്രെസന്റ് ബീച്ച് ഏരിയയിലെ ഒരു വീടിന് നേരെയാണ് ഇവർ വെടിയുതിർത്തത്.
ഫെബ്രുവരി 1 ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. വെടിവെപ്പിന് പിന്നാലെ വീടിന് പുറത്ത് ചെറിയ രീതിയിൽ തീപിടുത്തവും ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന് ശേഷം ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സറേ പോലീസ് ഇവരെ പിടികൂടിയത്.
പ്രദേശത്ത് വർദ്ധിച്ചുവരുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ (Extortion) കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണം നടന്നതെന്ന് പോലീസ് വിശ്വസിക്കുന്നു. സറേ പോലീസിന്റെ ‘പ്രോജക്റ്റ് അഷ്വറൻസ്’ എന്ന പ്രത്യേക വിഭാഗമാണ് ഇവരെ പിടികൂടിയത്. പിടിയിലായ മൂന്ന് പേരും വിദേശ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രതികൾക്കെതിരെ ആയുധം ഉപയോഗിച്ച് വെടിയുതിർത്തതിനും മറ്റ് കുറ്റങ്ങൾക്കും കേസെടുത്തിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ വിസ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനായി കാനഡ ബോർഡർ സർവീസസ് ഏജൻസിയെയും പോലീസ് സമീപിച്ചിട്ടുണ്ട്.
വെടിവെപ്പ് നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ മുൻഭാഗത്തിന് വെടിയേറ്റ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ അറസ്റ്റ് തടയാൻ ശ്രമിച്ചതിനെത്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്.
ഈ വർഷം തുടക്കം മുതൽ സറേയിൽ നാൽപ്പതിലധികം പണം തട്ടൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനായി കനേഡിയൻ സർക്കാർ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളുടെ ചിത്രങ്ങൾ പോലീസ് പരസ്യപ്പെടുത്തി.



