സംസ്ഥാനത്ത് പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 35 സ്റ്റേഷനുകള്‍ പുനർനിർമിച്ചുവെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. വൈദ്യൂതീകരണം 100 ശതമാനം പൂർത്തിയാക്കി. കേരളത്തില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും സർവീസ് ആരംഭിച്ച കാര്യവും മന്ത്രി എടുത്തുപറഞ്ഞു.

വിവിധ പദ്ധതികളുടെ പുരോഗതി

മംഗളൂരു – ഷൊർണൂർ മൂന്ന്, നാല് പാതകളുടെ അലൈൻമെൻ്റ് അന്തിമമാക്കി ദക്ഷിണ റെയില്‍വേ റെയില്‍വേ ബോർഡിന് കൈമാറും.
ഷൊർണർ – കോയമ്പത്തൂർ മൂന്ന്, നാല് പാത (99 കിലോമീറ്റർ) നിർമാണവുമായി ബന്ധപ്പെട്ട ഫീല്‍ഡ്, ലൈഡാർ സർവേകള്‍ പൂർത്തിയാക്കി. നിലവില്‍ ഡിപിആർ അന്തിമമാക്കാനുള്ള നടപടികള്‍ നടക്കുന്നു.
ഷൊർണൂർ – എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ) യ്ക്കുള്ള ഫീല്‍ഡ് സർവേ പൂർത്തിയാക്കി ഡിപിആർ അന്തിമമാക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.
എറണാകുളം – കായംകുളം (കോട്ടയം വഴി) (115 കിലോമീറ്റർ) ട്രാഫിക് സർവേ പൂർത്തിയാക്കി. ഫീല്‍ഡ് സർവേയിലേക്ക് ഉടൻ കടക്കും.
കായംകുളം – തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ) യുടെ ലൈഡാർ, ട്രാഫിക് സർവേകള്‍ പൂർത്തിയാക്കി അലൈൻമെൻ്റ് അന്തിമമാക്കാൻ പോകുന്നു. ഡിപിആർ ഉടൻ തയ്യാറാക്കും.
തിരുവനന്തപുരം – നാഗർകോവില്‍ മൂന്നാം പാത (71 കിലോമീറ്റർ) യുടെ സർവേയും ട്രാഫിക് പഠനവും നടക്കുന്നു.
തുറവൂർ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനുള്ള സർവേ പൂർത്തിയാക്കി ഡിപിആർ തയ്യാറാക്കല്‍ പ്രവൃത്തി നടക്കുന്നു. അന്തിമ ട്രാഫിക് സർവേ നടത്തിവരുന്നു.
തിരുനാവായ – ഗുരുവായൂർ പുതിയ പാതയ്ക്കുള്ള (35 കിലോമീറ്റർ) നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാരില്‍നിന്ന് പിന്തുണ തേടുന്നതായും മന്ത്രി.
ശബരി പാത

111 കിലോമീറ്റർ വരുന്ന അങ്കമാലി – ശബരിമല പാതയ്ക്കായി റെയില്‍വേ ബോർഡും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചുവെന്ന് ഉറപ്പാക്കിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രസർക്കാരില്‍ നിന്നുള്ള തുടർച്ചയായ ഇടപെടലുകളെ തുടർന്ന് സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു