തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആദ്യമായി താമര വിരിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ വിജയത്തെ പ്രകീർത്തിച്ചിട്ടും കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിനു ലഭിച്ചത് വട്ടപ്പൂജ്യം. ഏറെ പ്രതീക്ഷകളോടെ തലസ്ഥാനവാസികൾ കാത്തിരുന്ന ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെട്ടില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏറെ പ്രതീക്ഷവെക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയോടുള്ള അവഗണന പാർട്ടി അനുകൂലികളെപ്പോലും ഞെട്ടിച്ചു.
വിഴിഞ്ഞം തുറമുഖം, ഔട്ടർ റിങ് റോഡ്, തലസ്ഥാന നഗര വികസനം, മെട്രോ, എയിംസ്, ബ്രഹ്‌മോസ് എയ്റോ സ്‌പെയ്‌സ്, റെയിൽവേ വികസനം തുടങ്ങി ഏറെ സ്വപ്‌നങ്ങളാണ് കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായിരുന്നത്. എന്നാൽ, ഒരെണ്ണംപോലും പരിഗണിക്കപ്പെട്ടില്ല. നഗരത്തിന്റെ ഭരണംപിടിച്ച് ആഴ്ചകൾക്കുള്ളിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്തെത്തി നഗരവാസികളെ നന്ദി അറിയിക്കുകയും വികസന വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഫലനം ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്തെത്തിയിരുന്നു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലാണ് ബി.ജെ.പി.യുടെ മുന്നേറ്റമുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ശക്തരായ സ്ഥാനാർഥികളെ ഇറക്കി മത്സരം കടുപ്പിക്കാനാണ് എൻ.ഡി.എ.യുടെ നീക്കം.
നേമത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറക്കാനിറങ്ങുന്ന ബി.ജെ.പി. നേതാക്കൾ ബജറ്റിലെ അവഗണനയ്ക്ക് പൊതുജനങ്ങളോടു മറുപടിപറയാൻ ഏറെ ബുദ്ധിമുട്ടും. കേന്ദ്രത്തിന്റെ ഈ മുഖംതിരിക്കലിനെ ന്യായീകരിക്കാൻ സംസ്ഥാനനേതാക്കൾ വലയുകയാണ്.



