ഇന്ത്യയിൽ കൗമാരക്കാർക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന ആവശ്യം അവതരിപ്പിച്ച് മോദി സഖ്യകക്ഷി. മെറ്റയ്ക്കും യൂട്യൂബിനും ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. എന്നാൽ, രാജ്യത്തെ കൗമാരക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി സോഷ്യൽ മീഡിയ നിരോധിക്കുന്നതിനുള്ള ബിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സഖ്യകക്ഷി അവതരിപ്പിക്കുകയായിരുന്നു.

“നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയയ്ക്ക് അടിമകളാകുക മാത്രമല്ല, വിദേശ പ്ലാറ്റ്‌ഫോമുകൾക്കായി ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ” – നിയമസഭാംഗം എൽ എസ് കെ ദേവരായലു വെള്ളിയാഴ്ച പറഞ്ഞു. ഈ ഡാറ്റ ഉപയോഗിച്ച് നൂതന നിർമ്മിതബുദ്ധി സംവിധാനങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അതേസമയം സാമ്പത്തികവും തന്ത്രപരവുമായ നേട്ടങ്ങൾ ഇന്ത്യയ്ക്കു പുറത്താണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കുന്ന ആദ്യരാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു. നിരവധി മാതാപിതാക്കളും ശിശുക്ഷേമ വക്താക്കളും ഈ തീരുമാനത്തെ പ്രശംസിച്ചെങ്കിലും പ്രമുഖ സാങ്കേതികസ്ഥാപനങ്ങളും സ്വതന്ത്രസംഭാഷണ ഗ്രൂപ്പുകളും ഈ നീക്കത്തെ വിമർശിച്ചു. ഇതിനു പിന്നാലെ ഫ്രാൻസ് 15 വയസ്സിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ നിന്ന് തടയുന്നതിനുള്ള നിയമനിർമ്മാണത്തെ പിന്തുണച്ചു. അതേസമയം, യുകെ, ഡെന്മാർക്ക്, ഗ്രീസ് എന്നിവ സമാനമായ നിരോധനത്തെക്കുറിച്ചു ചിന്തിക്കുന്നതായി അറിയിച്ചിട്ടുണ്ട്.