കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

യു പി എ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ശ്രീധരൻ മുന്നോട്ട് പോകുന്നതിലും റെയിൽവേ മന്ത്രി പ്രതികരിച്ചു. ശ്രീധരന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്‍റെ പിന്തുണയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്‍റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു.

കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.