പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ പെൻ്റഗണിൽ അതീവ രഹസ്യ കൂടിക്കാഴ്ച നടത്തി.

യുഎസ് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീറും തമ്മിലാണ് ചർച്ച നടന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള സുരക്ഷാ തന്ത്രങ്ങൾ രൂപീകരിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ആഴ്ചകളിൽ കൂടുതൽ നാവികസേനയെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും വാഷിംഗ്ടൺ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുന്നതിനായി സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അമേരിക്കൻ ആക്രമണം ഉണ്ടായാൽ അത് വലിയ പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. പെന്റഗണിലെ കൂടിക്കാഴ്ചയിൽ സൈനിക നടപടിയെക്കുറിച്ച് ചർച്ച ചെയ്തോ എന്ന് വ്യക്തമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

ഇസ്രായേലിൽ സുരക്ഷാ അവലോകനം

വാഷിംഗ്ടണിലെ സന്ദർശനം കഴിഞ്ഞ് ഇയാൽ സമീർ തിരിച്ചെത്തിയതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, മൊസാദ് മേധാവി ഡേവിഡ് ബാർണിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഏത് സാഹചര്യത്തെയും നേരിടാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ സന്നദ്ധതയും പ്രവർത്തന പദ്ധതികളും പ്രതിരോധ മന്ത്രി അവലോകനം ചെയ്തു. ഇറാനെതിരായ സൈനിക നടപടിയിലേക്ക് അമേരിക്ക മുൻപത്തേക്കാൾ അടുത്തെത്തിയെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തിന് സാധ്യതയെന്ന് മുൻ രഹസ്യാന്വേഷണ മേധാവി

ഇറാൻ അപ്രതീക്ഷിതമായി നീക്കങ്ങൾ നടത്തിയേക്കാമെന്ന് ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി ആമോസ് യാദ്‌ലിൻ മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് സാധാരണയായി കരുതുന്നതെങ്കിലും, പ്രത്യയശാസ്ത്രപരമായ ഘടകങ്ങൾ അപ്രതീക്ഷിത തീരുമാനങ്ങളിലേക്ക് അവരെ നയിച്ചേക്കാം.

ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം എന്ന രീതിയിൽ ഇസ്രായേൽ സൈന്യം സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ പോരാട്ടങ്ങളിൽ ഇറാനുണ്ടായ തിരിച്ചടികൾക്ക് അവർ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മേഖലയിൽ സമാധാനം നിലനിർത്തണമെന്ന് തുർക്കിയും ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.