പാര്‍ട്ടി പറഞ്ഞാല്‍ പറവൂരില്‍ മല്‍സരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മിനിറ്റുകള്‍ക്കുള്ളില്‍ താന്‍ തമാശ പറഞ്ഞതാണെന്ന് മന്ത്രിയുടെ തിരുത്തലും. പ്രതിപക്ഷ നേതാവിനെ വിഡി സതീശനെ നേമത്തേക്ക് ക്ഷണിച്ചത് പോലെ അങ്ങയെ പറവൂരിലേക്കും വിളിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടെങ്കില്‍ എല്‍.ഡി.എഫ് മന്ത്രിസഭയിലെ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ സഭയില്‍ ഒരു രൂപയുടെ അഴിമതി ആരോപണത്തിന് വെല്ലുവിളിക്കുകയാണെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വന്ന് ബിജെപിക്കെതിരെ മത്സരിക്കാൻ വിഡി സതീശന് ധൈര്യമുണ്ടോ എന്നാണ് ശിവന്‍കുട്ടി ആദ്യം ചോദിച്ചത്. ബിജെപിക്കെതിരെ പോരാടാൻ ആഗ്രഹമുണ്ടെങ്കിൽ നേമത്ത് വന്ന് അത് തെളിയിക്കണം.  സംഘപരിവാറിനെതിരെ പോരാടുന്ന വലിയ ‘യോദ്ധാവായി’ സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണെന്നും ശിവൻകുട്ടി പരിഹസിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടി പറഞ്ഞാല്‍ പറവൂരില്‍ മല്‍സരിക്കുമെന്ന് പറഞ്ഞ് ഉടന്‍ തന്നെ മന്ത്രി അത് തിരുത്തിയത്.