കോഴിക്കോട്: മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമാണ് വിവിധ പരിപാടികളുമായി മണ്ഡലത്തിൽ സജീവമാകുന്ന എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. എതിരഭിപ്രായങ്ങൾ സ്വാഭാവികമെന്നും തീരുമാനം പാർട്ടി എടുക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.