ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഇക്കുറി നിയമസഭാ പോരാട്ടത്തിനിറങ്ങില്ലെന്ന് സൂചനകൾ. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽനിന്നുള്ള പ്രതിനിധിയാണ് ഇവർ. 2021-ൽ കേരള കോൺഗ്രസിന്റെ തോമസ് ഉണ്ണിയാടനെ 5949 വോട്ടിന് പരാജയപ്പെടുത്തിയാണ് ബിന്ദു ജയിച്ചത്.
സിപിഎമ്മിന് വൻതലവേദനയായ കരുവന്നൂർ ബാങ്ക് നിൽക്കുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. സാമ്പത്തിക തട്ടിപ്പ് വിഷയം കെട്ടടങ്ങാത്തത് മണ്ഡലത്തിൽ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള നേതാക്കളെ പുറത്താക്കേണ്ടി വന്നതും പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം, ബിന്ദുവിന്റെ ജീവിതപങ്കാളിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ. വിജയരാഘവൻ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. തൃശ്ശൂരിലെ കുന്നംകുളം, മലപ്പുറത്തെ പൊന്നാനി എന്നീ മണ്ഡലങ്ങളിലാണ് അദ്ദേഹത്തിന്റെ പേര് ഉയർന്നുകേൾക്കുന്നത്. എന്നാൽ പൊന്നാനിയിൽ മത്സരിക്കാനാണ് സാധ്യത കൂടുതൽ. നിലവിൽ പി. നന്ദകുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021-ൽ കോൺഗ്രസിന്റെ അഡ്വ. എ.എം. രോഹിത്തിനെ 17,043 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം സഭയിലെത്തിയത്.
കാലങ്ങളായി സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. ഇരിങ്ങാലക്കുടയാകട്ടെ സിപിഎം മത്സരിക്കുന്ന സീറ്റും. എന്നാൽ ഇക്കുറി തൃശ്ശൂരും ഇരിങ്ങാലക്കുടയും സിപിഐയും സിപിഎമ്മും തമ്മിൽവെച്ചുമാറാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. നാട്ടിക, കൊടുങ്ങല്ലൂർ, കൈപ്പമംഗലം എന്നീ മണ്ഡലങ്ങളിൽ കരുത്തുണ്ടെന്നാണ് സിപിഐയുടെ അവകാശവാദം. അതുകൊണ്ടുതന്നെ ഇതിനോടു ചേർന്ന് കിടക്കുന്ന ഇരിങ്ങാലക്കുടയിലും വിജയസാധ്യതയുണ്ടെന്ന് സിപിഐ കണക്കുകൂട്ടുന്നു. അതിനാലാണ് തൃശ്ശൂർ വിട്ടുകൊടുക്കാനും ഇരിങ്ങാലക്കുട വാങ്ങാനുമുള്ള സിപിഐയുടെ നീക്കത്തിന് പിന്നിൽ. സിപിഐയുടെ പി. ബാലചന്ദ്രനാണ് തൃശ്ശൂരിലെ സിറ്റിങ് എംഎൽഎ.



