ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവർ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും.

63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോർഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തിൽ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എൻസിപിയുടെ നേതൃ്യ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്.
എൻസിപി നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെട്ടത്.

ബാരാമതിയിൽ ഉപതെരഞ്ഞെടുപ്പിൽ സുനേത്ര സ്ഥാനാർത്ഥിയാകുമെന്നു വിവരമുണ്ട്. തുടർന്ന് എൻസിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നത്. മുതിർന്ന എൻസിപി മന്ത്രി നർഹരി സിർവാൾ നേരത്തെ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദേശം ഉയർത്തിയിരുന്നു. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകൻ പാർത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.