കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കഴിഞ്ഞദിവസം ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇന്ദിരാഭവനിൽ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാർഥികളെപ്പറ്റി ധാരണയുണ്ടായത്. എന്നാൽ ആർ.എസ്.പി.യും മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായിട്ടില്ല. കൊട്ടാരക്കരയിൽ സി.പി.എം. വിട്ടുവന്ന പി. അയിഷാപോറ്റിതന്നെയാകും സ്ഥാനാർഥിയാകുക. കുണ്ടറയിൽ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷും തുടരും.

കുന്നത്തൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങളിലാണ് ആർ.എസ്.പി. മത്സരിക്കുന്നത്. കൊല്ലം സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ആർ.എസ്.പി. ഉന്നയിച്ചിട്ടുണ്ട്. സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുമുണ്ട്. ചവറയിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാകും സ്ഥാനാർഥി. ഇരവിപുരത്ത് പുതുമുഖത്തെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്.

പുനലൂരിൽ കഴിഞ്ഞതവണ മുസ്‌ലിം ലീഗാണ് മത്സരിച്ചത്. സീറ്റ് തിരിച്ചെടുക്കണമെന്നും അവിടെ തങ്ങളുടെ സ്ഥാനാർഥിയെ നിർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം ചടയമംഗലം മണ്ഡലം ലീഗിനു നൽകാനാണ് ധാരണ. എന്നാൽ അവിടെയും കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് വിട്ടുനൽകുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. പത്തനാപുരം സീറ്റിൽ കോൺഗ്രസ് തന്നെയാകും ഇത്തവണയും മത്സരിക്കുക. മുന്നണിധാരണപ്രകാരം ഒരു സീറ്റ് ഫോർവേഡ് ബ്ലോക്കിനു വിട്ടുനൽകുന്ന കാര്യവും പരിഗണിക്കുന്നു. അന്തിമധാരണയായാൽ ചാത്തന്നൂരാകും ഫോർവേഡ് ബ്ലോക്കിനു ലഭിക്കുക. കോൺഗ്രസാണ് മത്സരിക്കുന്നതെങ്കിൽ പുതുമുഖസ്ഥാനാർഥിയാകും രംഗത്തെത്തുക.