സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി, യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളിലെ തീരുവയിൽ വലിയ കുറവ് വരുത്താൻ ഇന്ത്യ. നിലവിൽ പരമാവധി 110% വരെ ഉള്ള ഇറക്കുമതി തീരുവ, 40% ആയി കുറയ്ക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 

പുതിയ കരാർ പ്രകാരം, ഏകദേശം 16 ലക്ഷം രൂപയ്ക്ക് (15,000 യൂറോ) മുകളിൽ വിലയുള്ള നിശ്ചിത എണ്ണം കാറുകൾക്ക്  40 ശതമാനം നികുതി ഇളവ് ലഭിക്കും. ഭാവിയിൽ ഇത് 10 ശതമാനം വരെയായി കുറയ്ക്കാനും പദ്ധതിയുണ്ട്. ഇതോടെ വോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, റെനോ തുടങ്ങിയ യൂറോപ്യൻ വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ കുറഞ്ഞ  വിലയിൽ കാറുകൾ വിൽക്കാൻ സാധിക്കും. 

ഈ നീക്കം ഇന്ത്യയുടെ വ്യാപാര നയത്തിലെ ഒരു വലിയ മാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്. കാറുകൾക്കുള്ള ഇറക്കുമതി തീരുവയിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ചിലത് ഇന്ത്യ ഇപ്പോഴും നിലനിർത്തുന്നുണ്ട്.  ഈ നയമാണ് ഇതുവരെ ഇന്ത്യൻ വിപണിയിൽ യൂറോപ്യൻ ബ്രാൻഡുകളുടെ വ്യാപനം പരിമിതപ്പെടുത്തിയത്. വോൾക്സ്വാഗൺ, മെഴ്‌സിഡീസ്-ബെൻസ്, ബിഎംഡബ്ല്യു, റെനോ, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കൾക്ക് തീരുവ കുറയുന്നതിലൂടെ വലിയ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ മത്സരാധിഷ്ഠിതമായ വിലയിൽ ലഭ്യമാകാനും ആകർഷകമാകാനും സാധ്യതയുണ്ട്.

പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം പെട്രോൾ/ഡീസൽ കാറുകൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. എന്നാൽ, ഇന്ത്യൻ കമ്പനികളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര എന്നിവയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ (EV) ആദ്യ അഞ്ച് വർഷത്തേക്ക് ഈ ഇളവിൽ നിന്ന് ഒഴിവാക്കിയേക്കും. അഞ്ച് വർഷത്തിന് ശേഷം ഇലക്ട്രിക് വാഹനങ്ങൾക്കും സമാനമായ നികുതി ഇളവുകൾ നൽകാനാണ് ഇന്ത്യയുടെ തീരുമാനം. 

കാർ തീരുവ കുറയ്ക്കുന്നതിന് പകരമായി ഇന്ത്യൻ തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഐടി സേവനങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ ലഭിക്കും. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും.