തിരുവനന്തപുരം: കേരളം രാഷ്ട്രീയമായി പിടിക്കാനുള്ള പടവുകൾ കെട്ടിയൊതുക്കുന്ന ബിജെപിക്ക് അതിനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കാനുതകുന്ന വിധമാണ് പദ്‌മാപുരസ്കാരത്തിൽ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരം. ബിജെപിയോട് ഒരുവിട്ടുവീഴ്ചയ്ക്കും ഒരുകാലത്തും തയ്യാറാകാത്ത കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനെയാണ് മരണാനന്തരബഹുമതിയായി പദ്‌മവിഭൂഷൺ നൽകി ആദരിച്ചത്. ഒപ്പം, മൂന്നാംവട്ടം പിണറായിസർക്കാർ കേരളത്തിൽ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മുസ്‌ലിംവിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലിടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പദ്‌മഭൂഷനും ലഭിച്ചു. ഇതുരണ്ടും സംസ്ഥാനസർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂട്ടിയുടെയും കലാമണ്ഡലം വിമലാമേനോന്റെയും പേര് സംസ്ഥാനത്തിന്റെ ശുപാർശപ്പട്ടികയിൽ ഉണ്ടായിരുന്നു. കഴിഞ്ഞതവണയും മമ്മൂട്ടിയെ സർക്കാർ നാമനിർദേശംചെയ്തതാണ്.

കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം’ പ്രചാരണായുധമാക്കുന്ന സിപിഎമ്മിന് നൽകുന്ന സർജിക്കൽ സ്‌ട്രൈക്കാവും പദ്‌മപുരസ്കാരമെന്ന സൂചന ചില സംഘപരിവാർകേന്ദ്രങ്ങൾ നൽകിയിരുന്നു. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫ് ഞായറാഴ്ച ഉച്ചയോടെ സാമൂഹികമാധ്യമത്തിൽ കുറിച്ച വരികൾ, ‘ഏറെ സന്തോഷവും അഭിമാനവും വരുന്ന വാർത്ത കേൾക്കാൻ ഇനി മണിക്കൂറുകൾ മാത്രം’ എന്നായിരുന്നു. കേരളത്തിൽ ജനപിന്തുണയുടെ കാര്യത്തിൽ സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് മുഖമായിരുന്നു വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തിനെ ആദരിക്കാൻ ബിജെപി സർക്കാർ തയ്യാറാകുന്നതിനുപിന്നിലുള്ള രാഷ്ട്രീയപ്രാധാന്യമേറെ. കേരളത്തിലെ ഇടതുമനസ്സിലേക്ക് ബിജെപിക്ക് ഇടംനേടാനാകുന്ന ‘പരിഗണനയായി’ ഈ പുരസ്കാരത്തിനുപിന്നിലെ രാഷ്ട്രീയത്തെ വിലയിരുത്തുന്നവരുണ്ട്.

വെള്ളാപ്പള്ളിയുടെ അംഗീകാരത്തിനും രാഷ്ട്രീയപ്രാധാന്യം കൂടും. എൻഡിഎ മുന്നണിയിൽ നിൽക്കണോ പോകണോ എന്ന ആഭ്യന്തരചർച്ചയിൽ മുറുകിനിൽക്കുകയാണ് വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസ് ആ നീക്കത്തിന് ‘ചെക്ക്’ വെക്കുന്നതാകും ഈ പുരസ്കാരം. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് ആദ്യ കാഹളം മുഴക്കിയത് വെള്ളാപ്പള്ളിയാണ്. ഹിന്ദുസംഘടനകളുടെ ഐക്യം എന്ന നിലയിലേക്ക് ഇതിനെ മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾക്ക് ആഗ്രഹം ഏറെയാണ്. അതിലൊക്കെ ഉപരിയായി, ഈഴവവോട്ടുകളെ അടുപ്പിച്ചുനിർത്തുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ഇതേ വോട്ടുബാങ്കിലാണ് ഇടതുപക്ഷവും കരുത്തോടെ നിൽക്കുന്നത്. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയിൽ ഈഴവവോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുസ്‌ലിംവിരുദ്ധപ്രസ്താവന നടത്തിയിട്ടും വെള്ളാപ്പള്ളിയെ ചേർത്തുപിടിക്കുന്ന സമീപനം മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്.

വെള്ളാപ്പള്ളിയുടെ മുസ്‌ലിംവിരുദ്ധപ്രസ്താവനയുടെയും ഈഴവവോട്ടിന്റെയും ഗുണഭോക്താക്കളായി മാറാനാണ് ബിജെപിയുടെയും പരിശ്രമം. ഫലത്തിൽ വെള്ളാപ്പള്ളിക്കും വിഎസിനും പുരസ്കാരം നൽകിയതിലൂടെ, സിപിഎമ്മിന്റെ രാഷ്ട്രീയക്കളത്തിലേക്ക് കടന്നുകയറാനുള്ള മുന്നൊരുക്കംകൂടി ബിജെപിക്കുണ്ടെന്ന് വിലയിരുത്തേണ്ടിവരും.