ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. ഇന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായി. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സംപൂജ്യനായി മടങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു രണ്ടാമനായി.
പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 12 തവണ അദ്ദേഹം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 151 ഇന്നിംഗ്‌സുകളില്‍ നിന്നാണിത്. ന്യൂസിലന്‍ഡിനെതിരെ മോശം ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 10 റണ്‍സ് നേടിയ സഞ്ജു, രണ്ടാം ടി20യില്‍ ആറ് റണ്‍സിന് പുറത്തായിരുന്നു.
ഏഴാം തവണയാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. 47 ഇന്നിംഗ്‌സില്‍ നിന്നാണിത്. ഈ പരമ്പരയില്‍ ആദ്യമായിട്ടാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. ഇക്കാര്യത്തില്‍ വിരാട് കോലിക്കൊപ്പമാണ് സഞ്ജു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കോലിയും ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. കോലി ഇന്ത്യക്ക് വേണ്ടി 117 ടി20 ഇന്നിംഗുകളാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്‌സില്‍ ഏഴ് തവണ മാത്രമാണ് കോലി സംപൂജ്യനായത്.



