പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്.

കട തുറക്കാനായി ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നോക്കിയത്. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നുവെന്നും പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും കടയുടമ ജയരാജൻ പറഞ്ഞു. തട്ടുകടയുടെ വാതിൽക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടൻ തന്നെ തുണികൊണ്ട് പുതപ്പിക്കുകയായിരുന്നുവെന്നും ജയരാജന്‍റെ ഭാര്യ ഇന്ദു പറഞ്ഞു.

അതേസമയം, ഇക്കഴിഞ്ഞ ജനുവരി 17ന് പൂണെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടു വയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതം. ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്‍റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പൊലീസ് കേസെടുത്തിരുന്നു.