വാഷിങ്ടൺ: കാനഡയ്ക്കെതിരേ കടുത്ത തീരുമാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറുമായി മുമ്പോട്ടു പോയാൽ കാനഡയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കൂടിയാണ് യുഎസിന്റെ മുന്നറിയിപ്പ്.
ചൈനീസ് ഉത്പ്പന്നങ്ങൾ യുഎസിലേക്ക് കടത്തുന്നതിനുള്ള ഒരു ചാനലായി മാറാൻ കാനഡയെ അനുവദിക്കില്ലെന്ന് ട്രംപ് കുറിച്ചു. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ നേരിട്ട് ഉന്നംവെച്ചുകൊണ്ടാണ് ട്രംപിന്റെ ആരോപണങ്ങൾ.
ചൈനയിൽ നിന്നുള്ള സാധനങ്ങൾ യുഎസിലേക്ക് കടത്താനുള്ള ഡ്രോപ് ഓഫ് പോർട്ട് ആക്കി കാനഡയെ മാറ്റാനാണ് ‘ഗവർണർ’ വിചാരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റി- ട്രംപ് പറഞ്ഞു. കാനഡയെ പൂർണ്ണമായും ചൈന വിഴുങ്ങുമെന്നും സാമൂഹിക ഘടനയേയും സാമ്പത്തികത്തേയും ഉൾപ്പെടെ ചൈന തകർക്കുമെന്നും ട്രംപ് കുറിച്ചു. ചൈനയുമായുള്ള ഏതൊരു കരാറിനും ഉടനടി പ്രതികരണം ഉണ്ടാകുമെന്നും അത്തരത്തിൽ ഒരു കരാറിൽ ഏർപ്പെടുകയാണെങ്കിൽ ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് കുറിച്ചു.
അടുത്തിടെ മൈക്ക് കാർണി ചൈന സന്ദർശിച്ചിരുന്നു. വിശ്വസനീയവും പ്രവചനാതീതവുമായ പങ്കാളി എന്നായിരുന്നു ചൈനയെ കാർണി വിശേഷിപ്പിച്ചത്. ചൈന സന്ദർശനത്തിനു പിന്നാലെ കനേഡിയൻ കാർഷിക കയറ്റുമതികളുടെ താരീഫ് കുറയ്ക്കുന്നതിനും കാനഡയിലേക്ക് ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുമുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.
അതേസമയം യുഎസ് മുന്നോട്ടുവെച്ച മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം പദ്ധതിയോട് കാനഡ മുഖംതിരിച്ചതും ട്രംപിനെ രോഷാകുലനാക്കിയിട്ടുണ്ട്. ‘കാനഡയുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയായിട്ടും അവർ അതിനെ പിന്തുണച്ചില്ല. പകരം ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുകയാണ്. ഒരു വർഷത്തിനുള്ളിൽത്തന്നെ ചൈന ‘വിഴുങ്ങാൻ’ സാധ്യതയുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ നേരത്തെ കുറിച്ചിരുന്നു. ഗ്രീൻലൻഡിന് മുകളിലായി താൻ നിർദ്ദേശിച്ച ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ പദ്ധതി കാനഡ നിരസിച്ചതിനെത്തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.



