വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ സ്വന്തം ചട്ടങ്ങളും നിയമവ്യവസ്ഥകളും കാറ്റിൽപ്പറത്തി പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനിയന്ത്രിതമായ അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ്, കമ്മീഷൻ പൗരാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ‘കടിഞ്ഞാണില്ലാത്ത കുതിര’യെപ്പോലെ (Unruly horse) പെരുമാറരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (RP Act) സെക്ഷൻ 21(3) പ്രകാരം വോട്ടർ പട്ടികയിൽ പ്രത്യേക പുതുക്കൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാൽ, ഈ അധികാരം ഉപയോഗിച്ച് കമ്മീഷൻ നിലവിലുള്ള ചട്ടങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായാണ് ഹർജിക്കാരുടെ ആരോപണം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) വിവിധ പ്രതിപക്ഷ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 1.36 കോടി വോട്ടർമാരെ (ആകെ വോട്ടർമാരുടെ 20 ശതമാനം) ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ (Logical discrepancies) ഉണ്ടെന്ന് കാണിച്ച് പട്ടികയിൽ മാറ്റിനിർത്തിയിട്ടുണ്ട്. ഇത് വോട്ടർമാരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കാനുള്ള ‘പ്രൊഫൈലിംഗ്’ ആണെന്ന് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടന പ്രകാരം വിപുലമായ അധികാരങ്ങളുണ്ടെങ്കിലും, അത് നീതിയുക്തവും ന്യായയുക്തവും ആയിരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ബെഞ്ച് കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. ‘വോട്ടർ പട്ടികയിലെ മാറ്റങ്ങൾ ഒരു വ്യക്തിയുടെ സിവിൽ അവകാശങ്ങളെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ എന്തുകൊണ്ട് സെക്ഷൻ 21(2) പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കുന്നില്ല?, ചീഫ് ജസ്റ്റിസ് ചോദിച്ചു. എൻഡിടിവി റിപ്പോർട്ട് പ്രകാരം, കമ്മീഷന്റെ നടപടികൾ പൗരന്മാരുടെ സിവിൽ അവകാശങ്ങളെ ഹനിക്കുന്നതാകരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.
വോട്ടർമാരെ പരിശോധിക്കുന്നതിനായി സാധാരണയായി ഉപയോഗിച്ചിരുന്ന ആറ് രേഖകളുടെ പട്ടിക മാറ്റി, 11 പുതിയ രേഖകൾ കർശനമാക്കിയ നടപടിയെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദ്യം ചെയ്തു. ഗ്രാമീണരും ദരിദ്രരുമായ വോട്ടർമാർക്ക് ഇത്തരം രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാഭാവിക നീതി നിഷേധിക്കുന്ന ഇത്തരം വ്യതിചലനങ്ങൾ പൗരന്മാരുടെ വോട്ടാവകാശം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ‘അധികാരം അനിയന്ത്രിതമാകാൻ പാടില്ല. റൂൾ 21 പ്രകാരം തീവ്രമായ പുതുക്കൽ നടത്തുമ്പോൾ ചട്ടങ്ങൾ നാല് മുതൽ 13 വരെ പാലിക്കേണ്ടതുണ്ട്,’ ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. സംശയനിഴലിലുള്ള വോട്ടർമാരുടെ പേരുകൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ മാത്രം അറിയിക്കാതെ, പ്രാദേശിക പഞ്ചായത്ത് ഓഫീസുകളിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി നേരത്തെ കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.



