മോസ്കോ: ഗ്രീൻലൻഡ് വിഷയം യുഎസും നാറ്റോ സഖ്യകക്ഷികളും ചേർന്ന് പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. റഷ്യയിൽ നിന്നുള്ള ഭീഷണികൾ ഗ്രീൻലൻഡ് കൂട്ടിച്ചേർക്കാനുള്ള തീരുമാനത്തിന് ഒരു കാരണമായി എന്ന് ട്രംപ് പ്രസ്താവിച്ചിട്ടും ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങളെ പുതിൻ പിന്താങ്ങി. അതേസമയം ഗ്രീൻലൻഡ് ജനതയോട് പുതിൻ അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു.
“ഗ്രീൻലൻഡിന് എന്തു സംഭവിക്കുന്നു എന്നത് ഞങ്ങളുടെ കാര്യമല്ല,”ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പുതിൻ പറഞ്ഞു. “ഡെൻമാർക്ക് ഗ്രീൻലൻഡിനെ എല്ലായ്പ്പോഴും ഒരു കോളനിയായി കണക്കാക്കുകയും വളരെ ക്രൂരമായ രീതിയിൽ ഗ്രീൻലൻഡിനോട് പെരുമാറുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ഞങ്ങളെ ബാധിക്കുന്നില്ല. അവർ അത് സ്വയം പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു, 1917 ൽ ഡെൻമാർക്ക് വെർജിൻ ദ്വീപുകൾ യുഎസിന് വിറ്റതായും പുതിൻ ഓർമ്മിപ്പിച്ചു.1867 ൽ റഷ്യ 7.2 മില്യൺ ഡോളറിന് അലാസ്ക യുഎസിന് കൈമാറിയ കാര്യവും പുതിൻ പറഞ്ഞു.
ട്രംപിന്റെ പദ്ധതികളോടുള്ള റഷ്യയുടെ സഹകരണം, പാശ്ചാത്യ ഐക്യം ദുർബലപ്പെടുത്താനുള്ളബോധപൂർവമായ തന്ത്രമായാണ് കണക്കാക്കുന്നത്. ഈ തന്ത്രം വിജയിക്കുന്നതായാണ് സൂചന. സഖ്യകക്ഷികളിൽ നിന്ന് വലിയ എതിർപ്പ് നേരിട്ട ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ “അസാമാന്യ വ്യക്തി”എന്ന് വിശേഷിപ്പിക്കുകയും അത്ഭുതകരമായ” കാര്യങ്ങൾ നേടിയെടുക്കുകയും എല്ലാവരും വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് പറയുകയും ചെയ്തു, അതേസമയം ഷി, പുതിൻ എന്നിവരുമായി ദീർഘകാലമായി നിലനിന്ന ഊഷ്മള ബന്ധത്തെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.
അതേസമയം, ആർട്ടിക് മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ റഷ്യ നടത്തുന്നുണ്ട്. ഉത്തര നാവിക വിഭാഗത്തിന്റെയും സോവിയറ്റ് യൂണിയൻ ആണവായുധങ്ങൾ പരീക്ഷിച്ച സ്ഥലത്തിന്റെയും ആസ്ഥാനമായ ഈ മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ റഷ്യ നിരന്തരം ശ്രമിച്ചിട്ടുണ്ട്. റഷ്യ യുക്രൈനെതിരെ നടത്തിവരുന്ന യുദ്ധം അവസാനിപ്പിക്കാനും യുഎസ്-റഷ്യ ബന്ധം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്ന ട്രംപിന് റഷ്യയുടെ ജാഗ്രതയോടെയുള്ള സമീപനം നേട്ടമാണ്, തിരിച്ചും.https://d-23486379572671351020.ampproject.net/2512221826001/frame.html
ട്രംപിന്റെ ഗ്രീൻലാൻഡ് നിയന്ത്രണത്തിനായുള്ള ശ്രമം അത്ഭുതകരമല്ലെന്നും, ഈ പ്രദേശത്തെച്ചൊല്ലിയുള്ള അമേരിക്കയുടെ ദീർഘകാല താൽപര്യം കണക്കിലെടുക്കുമ്പോൾ അത് സ്വാഭാവികമാണെന്നും കഴിഞ്ഞ വർഷം പുതിൻ പറഞ്ഞിരുന്നു. 19-ാം നൂറ്റാണ്ടിൽ അമേരിക്ക ഗ്രീൻലൻഡിന്റെ നിയന്ത്രണം നേടുന്നതിനുള്ള പദ്ധതികൾ പരിഗണിച്ചിരുന്നെന്നും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡെൻമാർക്കിൽ നിന്ന് ഗ്രീൻലൻഡിനെ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തിയതായും പുതിൻ ചൂണ്ടിക്കാട്ടി.
അതിനിടെ, ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരാൻ പുതിൻ സമ്മതിച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്നും വിഷയം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിൻ പ്രതികരിച്ചു. ബോർഡിൽ സ്ഥിരം അംഗത്വത്തിനായി ആവശ്യപ്പെടുന്ന ഒരു ബില്ല്യൺ ഡോളർ അമേരിക്കൻ ഭരണകൂടം തടഞ്ഞുവെച്ച റഷ്യൻ ആസ്തികളിൽ നിന്ന് നൽകാൻ റഷ്യയ്ക്ക് കഴിയുമെന്നും യുക്രൈനുമായുള്ള യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച പ്രദേശങ്ങൾ പുനർനിർമ്മിക്കാൻ ആ ആസ്തികൾ ഉപയോഗിക്കാമെന്നും പുതിൻ കൂട്ടിച്ചേർത്തു.



