വാഷിങ്ടൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടക്കുന്നതിനും ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വിസ് നഗരമായ ദാവോസിലെത്തി. ഗ്രീൻലൻഡിനായി ഭീഷണി മുഴക്കുന്നതിനിടെയുള്ള ട്രംപിന്റെ യൂറോപ്യൻ സന്ദർശനത്തന് വലിയ പ്രധാന്യമുണ്ട്.

ദാവോസ് യാത്രയ്ക്കിടെ വഴിമധ്യേ ട്രംപിന്റെ എയർഫോഴ്‌സ് വൺ വിമാനം യുഎസിലേക്ക് തിരിച്ച് പറന്നത് ആശങ്കകൾക്കിടയാക്കി. എന്നാൽ, സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചുപറന്നതെന്ന് പിന്നീട് വൈറ്റ്ഹൗസ് അധികൃതർ വിശദീകരിച്ചു. മറ്റൊരു എയർഫോഴ്‌സ് വൺ വിമാനത്തിലാണ് ട്രംപ് തുടർന്ന് ദാവോസിലെത്തിയത്.

Add Mathrubhumi as a
trusted source on Google

ചെറിയ ഇലക്ട്രിക്കൽ പ്രശ്‌നമാണ് ഉണ്ടായതെന്നും ജാഗ്രതയുടെ ഭാഗമായിട്ടാണ് വിമാനം യുഎസിലേക്കുതന്നെ തിരിച്ചതെന്നും വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു.

അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകീട്ടാണ് ട്രംപ് ആദ്യം ദാവോസിലേക്ക് യാത്രതിരിച്ചത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷം വിമാനം ദിശ മാറ്റുകയായിരുന്നു. ആദ്യ വിമാനത്തിൽനിന്ന് ലഗേജുകളും മറ്റും ബാക്ക്അപ്പ് വിമാനത്തിലേക്ക് മാറ്റിയശേഷമാണ് പിന്നീട് യാത്രതുടർന്നത്.

സമീപ മാസങ്ങളിൽ ഇത് രണ്ടാം തവണയാണ് ട്രംപിന് ഒരു ബാക്കപ്പ് എയർക്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുന്നത്. സെപ്റ്റംബറിൽ യുകെ സന്ദർശിച്ചപ്പോൾ, അവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് ഹൈഡ്രോളിക് തകരാർ സംഭവിച്ച് ഒരു പ്രാദേശിക എയർഫീൽഡിൽ ഇറക്കേണ്ടിവന്നിരുന്നു. ട്രംപും യുഎസ് പഥമവനിത മെലാനിയ ട്രംപും പിന്നീട് ബാക്കപ്പ് ഹലികോപ്റ്ററിൽ കയറിയതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി പിന്നീട് അറിയിച്ചു.

എയർഫോഴ്‌സ് വൺ ആയി ഉപയോഗിക്കുന്ന ബോയിങ് 747 വിമാനങ്ങൾ 35 വർഷത്തിലേറെയായി സേവനത്തിലുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2022-ൽ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അടുത്ത തലമുറ വിമാനങ്ങൾ 2028 പകുതിയോടെ എത്തുമെന്നാണ് പറയുന്നത്. അതേസമയം, കഴിഞ്ഞ വർഷം ട്രംപിന് ഖത്തർ അമീർ സമ്മാനമായി നൽകിയ വിമാനം എയർഫോഴ്‌സ് വൺ ആയി ഉപയോഗിക്കുന്നതിനായി മാറ്റങ്ങൾ വരുത്തുകയാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് നിയമപരവും ധാർമ്മികവും സുരക്ഷാപരവുമായ ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ വിമാനം അടുത്തമാസം ഉപയോഗത്തിന് തയ്യാറാകുമെന്നാണ് ട്രംപ് പറയുന്നത്.