അമേരിക്കയിലെ യുവതലമുറ പ്രണയബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത വർധിച്ചുവരുന്നതായും ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഗവേഷകരുടെ മുന്നറിയിപ്പ്. 1997-നും 2012-നും ഇടയിൽ ജനിച്ച ജൻ സീ (Gen Z) എന്ന് വിളിക്കപ്പെടുന്ന തലമുറയിലാണ് ഈ മാറ്റം പ്രകടമായിരിക്കുന്നത്. മുൻ തലമുറകളെ അപേക്ഷിച്ച് ഇവർക്കിടയിൽ പ്രണയബന്ധങ്ങൾ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയ്സ് ആൻഡ് മെൻ 2025-ൽ നടത്തിയ പഠനപ്രകാരം, ജൻ സീ വിഭാഗത്തിൽപ്പെട്ട 40 ശതമാനത്തിലധികം പുരുഷന്മാരും തങ്ങളുടെ കൗമാരപ്രായത്തിൽ പ്രണയബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി. മുൻ തലമുറകളായ ജൻ എക്സ്, ബേബി ബൂമേഴ്സ് എന്നിവരെ അപേക്ഷിച്ച് ജൻ സീ തലമുറയിൽ പ്രണയബന്ധങ്ങൾ 20 മുതൽ 22 ശതമാനം വരെ കുറവാണ്. 20,000 പേരിൽ നടത്തിയ മറ്റൊരു സർവേയിൽ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന തലമുറയായി ജൻ സീ തിരഞ്ഞെടുക്കപ്പെട്ടു. മറ്റാരേക്കാൾ കൂടുതൽ ഏകാന്തത ഇവർ അനുഭവിക്കുന്നുണ്ട്.

ജർമ്മനിയിലും യുകെയിലുമായി 17,000-ത്തോളം കൗമാരക്കാരിലും യുവാക്കളിലും നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ ഗവേഷകർ പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ദീർഘകാലം ഒറ്റയ്ക്ക് കഴിയുന്നത് ഏകാന്തത വർധിക്കുന്നതിനും ജീവിതത്തിലുള്ള സംതൃപ്തി കുറയുന്നതിനും കാരണമാകും. ഇരുപതുകളുടെ അവസാനത്തിൽ എത്തുമ്പോൾ ഇത്തരക്കാരിൽ വിഷാദരോഗ ലക്ഷണങ്ങൾ വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലം ഒറ്റയ്ക്ക് കഴിയുന്നത് യുവാക്കളുടെ ക്ഷേമത്തിന് മിതമായ തോതിൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് മുതിർന്ന ഗവേഷകനായ മൈക്കൽ ക്രാമർ പറഞ്ഞു.

പഠനത്തിനായി 16-നും 29-നും ഇടയിൽ പ്രായമുള്ളവരുടെ പ്രതികരണങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. പുരുഷന്മാർ, ഉന്നത വിദ്യാഭ്യാസം ഉള്ളവർ, നിലവിൽ ജീവിതത്തിൽ സന്തോഷം കുറഞ്ഞവർ, ഒറ്റയ്ക്കോ മാതാപിതാക്കൾക്കൊപ്പമോ താമസിക്കുന്നവർ എന്നിവർ ദീർഘകാലം പ്രണയബന്ധങ്ങളിൽ ഏർപ്പെടാതെ തുടരാൻ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവർ പ്രണയബന്ധങ്ങൾ മാറ്റിവെക്കുന്ന പ്രവണതയുണ്ടെന്നും ഇത് മുൻകാല പഠനങ്ങളെ ശരിവെക്കുന്നതാണെന്നും മൈക്കൽ ക്രാമർ ചൂണ്ടിക്കാട്ടി.

ആദ്യ പ്രണയബന്ധം എപ്പോൾ സംഭവിക്കുന്നു എന്നത് യുവാക്കളുടെ ജീവിതത്തിൽ നിർണ്ണായകമാണ്. ആദ്യ പ്രണയബന്ധത്തിൽ ഏർപ്പെടുന്നവർ ഉയർന്ന ജീവിത സംതൃപ്തിയും കുറഞ്ഞ ഏകാന്തതയും അനുഭവിക്കുന്നതായി കണ്ടെത്തി. എന്നാൽ ആദ്യ ബന്ധം വൈകുന്നതനുസരിച്ച് ഒറ്റയ്ക്ക് കഴിയുന്ന കാലയളവും നീണ്ടുപോകുന്നു. ഇരുപതുകളുടെ അവസാനത്തിൽ എത്തുമ്പോൾ ആദ്യമായി ഒരു ബന്ധത്തിൽ ഏർപ്പെടുക എന്നത് കൂടുതൽ പ്രയാസകരമാകുമെന്നും ഗവേഷകർ പറയുന്നു.

ഏകാന്തത ശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് ഉൾപ്പെടെയുള്ള ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഏകാന്തത അനുഭവിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് വർധിക്കുന്നു. ഇത് രക്തധമനികൾ, പ്രതിരോധശേഷി, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും. ഉയർന്ന രക്തസമ്മർദ്ദം, ഡിമെൻഷ്യ, പ്രമേഹം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്കും ഏകാന്തത കാരണമാകാം. ഏകാന്തത അനുഭവിക്കുന്നവർ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കുറയ്ക്കുമെന്നും ഇത് രോഗങ്ങൾക്ക് വഴിയൊരുക്കുമെന്നും സൈക്കോളജിസ്റ്റ് ഡോ. ആദം ബോർലാൻഡ് പറഞ്ഞു.