ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയാണെന്നും അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കോടതി വിമര്‍ശിച്ചു. പ്രതികളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഗോവന്‍ദ്ധര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
കഴിഞ്ഞ ദിവസം വിധി പറയാന്‍ മാറ്റിവച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് എ. ബദറുദീന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.എ പത്മകുമാര്‍ ഗോവര്‍ദ്ധന്‍, മുരാരി ബാബു എന്നിവര്‍ സ്വാധീനമുള്ള വ്യക്തികളാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കണം. പത്മകുമാര്‍ വലിയ സ്വാധീനമുള്ള വ്യക്തി. ഇപ്പോഴും ഒരു പാര്‍ട്ടിയുടെ അംഗം, ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ സ്വാധീനം വച്ച് കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൊള്ള ചെയ്ത സ്വര്‍ണം പൂര്‍ണമായി കണ്ടെത്തേണ്ടതുണ്ട്. കണ്ടെത്താനുള്ള സ്വര്‍ണം എവിടെയാണെന്നതിന് ഉത്തരം ലഭിക്കണം.
കേസില്‍ അടുത്തിടെ പിടിയിലായ പ്രതികള്‍ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ശങ്കര്‍ദാസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയത്തിലും കോടതി പരാമര്‍ശമുണ്ട്. ശങ്കര്‍ദാസിന്റെ അസുഖമെന്തെന്ന് അറിയില്ല. ചികിത്സ തേടുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും മൂവര്‍ക്കും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.



