ഷ്യയുമായി യുദ്ധം ആരംഭിച്ചാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ രാജ്യമായ നോര്‍വേ. യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ സൈന്യത്തിന് പൗരന്‍മാരുടെ വാഹനങ്ങള്‍, ബോട്ടുകള്‍, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതുവരെ 13,000 പൗരന്മാര്‍ക്കാണ് ഈ സന്ദേശം കൈമാറിയത്.

യുദ്ധം ആരംഭിച്ചാല്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിവരുന്ന വസ്തുക്കള്‍ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് നോര്‍വീജിയന്‍ സൈന്യം പറഞ്ഞു. ഇപ്പോള്‍ കൈമാറിയ സന്ദേശത്തിന് ഒരു വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുന്‍പും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സൈന്യം കൈമാറിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗുരുതരമായ സുരക്ഷാ വെല്ലുവിളികളാണ് നോര്‍വേ അഭിമുഖീകരിക്കുന്നതെന്നും യുദ്ധത്തിന് തയാറെടുക്കേണ്ട സാഹചര്യം അടുത്തിടെ ഗണ്യമായി വര്‍ദ്ധിച്ചുവെന്നും അതിനാല്‍ വലിയ ശേഖരണം നടത്താന്‍ തയാറെടുക്കുകയാണെന്നും സൈന്യത്തിലെ ലോജിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ മേധാവി ആന്‍ഡേഴ്സ് ജെന്‍ബര്‍ഗ് പറഞ്ഞു.

ആര്‍ട്ടിക് മേഖലയില്‍ തന്ത്രപരമായ സ്ഥാനമാണ് നോര്‍വേയ്ക്കുള്ളത്, ഇവിടെ റഷ്യയുമായി സമുദ്രാതിര്‍ത്തിയും കര അതിര്‍ത്തിയും പങ്കിടുന്നു. ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോര്‍വേയുടെ ആശങ്ക കൂട്ടുന്നത്.