ബഹിരാകാശ രംഗത്ത് അമേരിക്കയുടെ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേർത്ത സുനിത വില്യംസ് ഇതാ ഔദ്യോഗികമായി വിരമിച്ചു. 27 വർഷം നീണ്ടുനിന്ന തന്റെ സേവനത്തിന് ശേഷം 2025 ഡിസംബർ 27-നാണ് അവർ പടിയിറങ്ങിയത്. വെറും പത്തു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോയ സുനിത, സാങ്കേതിക കാരണങ്ങളാൽ ഒൻപതര മാസത്തോളം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയെത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് റെക്കോർഡുകൾ സൃഷ്ടിച്ച വില്യംസ് 1983-ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നതാണ് ജീവിതത്തിൽ വഴിത്തിരിവായത്. നാവികസേനയിൽ നിന്ന് ബഹിരാകാശയാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിൻ്റെ ഭാഗമാക്കി.

തന്റെ കരിയറിൽ ആകെ 608 ദിവസങ്ങൾ സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചിലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. കൂടാതെ, ഒൻപത് തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശ നടത്തം (spacewalk) നടത്തിക്കൊണ്ട് ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡും സുനിത സ്വന്തമാക്കി. ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും സുനിതയ്ക്കുണ്ട്.

1998-ൽ നാസയിൽ തിരഞ്ഞെടുക്കപ്പെട്ട സുനിത, 2006-ലാണ് തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തിയത്,. തുടർന്ന് 2012-ൽ രണ്ടാമത്തെ ദൗത്യത്തിലും പങ്കാളിയായി. 2024 ജൂണിൽ ആരംഭിച്ച തന്റെ മൂന്നാമത്തെയും അവസാനത്തെയും ദൗത്യം ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലായിരുന്നു. 2025 മാർച്ചിലാണ് സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ വേരുകളുള്ള ഡോ. ദീപക് പാണ്ഡ്യയുടെ മകളായ സുനിതയ്ക്ക് ബഹിരാകാശം എപ്പോഴും പ്രിയപ്പെട്ട ഇടമായിരുന്നു. “ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്” എന്നാണ് വിരമിക്കൽ വേളയിൽ 60-കാരിയായ സുനിത പ്രതികരിച്ചത്. തന്റെ സഹപ്രവർത്തകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അവർ, ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്ക് തന്റെ അനുഭവങ്ങൾ വഴികാട്ടിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു

സുനിത വില്യംസ് പകർന്നുനൽകിയ ഊർജ്ജവും അറിവും വരുംതലമുറയിലെ ബഹിരാകാശ സഞ്ചാരികൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജേർഡ് ഐസക്മാൻ പറഞ്ഞു. വിരമിക്കൽ ജീവിതത്തിൽ ഭർത്താവ് മൈക്കലിനും വളർത്തുമൃഗങ്ങൾക്കുമൊപ്പം വീട്ടുജോലികളിലും യാത്രകളിലും സമയം ചിലവഴിക്കാനാണ് സുനിതയുടെ തീരുമാനം.