ലണ്ടൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് ആവശ്യമുള്ളത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ കഴിയുമെന്ന് കരുതുന്ന ഒരു അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെപ്പോലെയാണ് പെരുമാറുന്നതെന്ന് യുകെ പാർലമെന്റ് അംഗം എഡ് ഡേവി. ട്രംപ് ഒരു ഭീഷണിയാണെന്ന് യുകെ പാർലമെന്റിൽ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡേവി ആരോപിച്ചു. ട്രംപിനെ പിന്തിരിപ്പിക്കാൻ യുകെ അവരുടെ യൂറോപ്യൻ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപ് ഒരു അന്താരാഷ്ട്ര ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നത്. ഒരു സഖ്യകക്ഷിയുടെ പരമാധികാരം ചവിട്ടിമെതിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. നാറ്റോയെ മൊത്തത്തിൽ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഗ്രീൻലാൻഡിനെ കൈവശപ്പെടുത്തിയില്ലെങ്കിൽ നമ്മുടെ രാജ്യത്തെയും ഏഴ് യൂറോപ്യൻ സഖ്യകക്ഷികളെയും നാശനഷ്ടങ്ങൾ വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് പ്രകോപനമില്ലാത്ത ആക്രമണത്തിലൂടെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ഉപജീവനമാർഗ്ഗത്തെയും ദേശീയ സുരക്ഷയെയും ആക്രമിക്കുന്നതിനാൽ ലോകം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപ്. ട്രംപിനെ അകറ്റി നിർത്താൻ രണ്ട് ഓപ്ഷനുകളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ ജെറ്റ് പോലുള്ള സമ്മാനങ്ങളും പണവും നൽകി അദ്ദേഹത്തെ പ്രശംസിക്കുക, അദ്ദേഹത്തിന്റെ ക്രിപ്‌റ്റോ അക്കൗണ്ടിൽ കോടിക്കണക്കിന് നിക്ഷേപിക്കുക എന്നിവയാണ് പരിഹാരമെന്നും ഡേവി പറഞ്ഞു.



