ന്യൂഡൽഹി: കേരളത്തിലേയും മഹാരാഷ്ട്രയിലേയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനമികവിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് അവസരം നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുടെ ഭരണമികവാണ് ഈ വിജയം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റതിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിക്ക് ഏകദകേശം നൂറ് കൗൺസിലർമാരുണ്ടെന്ന് പറഞ്ഞ മോദി, തിരുവനന്തപുരത്ത് 45 വർഷങ്ങൾക്കുശേഷം ഇടതുപക്ഷത്തിൽനിന്ന് ജനങ്ങൾ അധികാരം പിടിച്ചെടുത്തത് ബിജെപിയിൽ വിശ്വാസമർപ്പിച്ചാണെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജനങ്ങൾ തീർച്ചയായും ബിജെപിക്ക് അവസരം നൽകുമെന്നതിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികളെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി ഭരണത്തിൽ ഊന്നൽ നൽകിയതിന്റെ ഫലമാണ് ഈ വിജയം. സ്വാതന്ത്ര്യാനന്തരം രാജ്യം വിവിധ ഭരണമാതൃകകൾ കണ്ടു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയ മാതൃക, ഇടതുപക്ഷ മാതൃക, പ്രാദേശിക പാർട്ടികളുടെ മാതൃക, അസ്ഥിരമായ സർക്കാരുകളുടെ കാലഘട്ടം… എന്നാൽ, ഇന്ന് രാജ്യം ബിജെപിയുടെ സ്ഥിരത, സദ്ഭരണം, വികസനം എന്നിവയുടെ മാതൃകയ്ക്ക് സാക്ഷ്യംവഹിക്കുന്നുവെന്നും മോദി പറഞ്ഞു.
അധികാരം സുഖത്തിനുള്ള മാർഗമായല്ല ബിജെപി കാണുന്നതെന്നും ജനസേവനത്തിനാണ് മുൻഗണനയെന്നും അദ്ദേഹം ഫറഞ്ഞു. അതിനാൽ ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം നിരന്തരം ശക്തിപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് നിതിൻ നബീൻ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ജെ.പി. നഡ്ഡ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.



