ഗ്രീൻലാൻഡ് എന്ന ആർട്ടിക് പ്രദേശം സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിമാറുകയാണ്. ഇതിന്റെ ഭാഗമായി ഗ്രീൻലാൻഡിലെ പ്രധാന സൈനിക താവളത്തിൽ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി യുഎസ് സൈന്യം അറിയിച്ചു. ആർട്ടിക് മേഖലയിലെ നിയന്ത്രണത്തിനായി ട്രംപ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം.
ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്പേസ് ബേസിലേക്ക് (Pituffik Space Base) സൈനിക വിമാനങ്ങൾ ഉടൻ എത്തുമെന്ന് നോർത്ത് അമേരിക്കൻ ഏറോസ്പേസ് ഡിഫൻസ് കമാൻഡ് (NORAD) അറിയിച്ചു. പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസമെന്നാണ് ഔദ്യോഗിക വിശദീകരണം. കാനഡയുമായും ഡെന്മാർക്കുമായും ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഗ്രീൻലാൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും NORAD വ്യക്തമാക്കി.



