വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ടുപോകവേ, കൂടുതൽ ചൈനീസ് വിമാനങ്ങൾ വാങ്ങിച്ചുകൂട്ടാൻ പാകിസ്താൻ. മേഖലയിൽ ഇന്ത്യയുമായുള്ള വ്യോമസന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ്‌ തിടുക്കപ്പെട്ട് ആയുധ കരാറിനൊരുങ്ങാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് ( എംആർഎഫ്എ പദ്ധതി പ്രകാരം 114 റഫാൽ വിമാനങ്ങൾ വാങ്ങുന്നവയിൽ 18 എണ്ണം ഒഴികെ ബാക്കിയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമിക്കുക. ഇതിൽ 60 ശതമാനത്തോളം ഇന്ത്യൻ നിർമിത ഘടകങ്ങളാകും ഉപയോഗിക്കുക എന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കം സൈനികസാങ്കേതിക രംഗത്തും യുദ്ധവിമാന നിർമാണമേഖലയിലും മേധാവിത്വമുണ്ടാക്കുമെന്ന് പാകിസ്താൻ ഭയപ്പെടുന്നുണ്ട്.

പ്രതിരോധ രംഗത്ത് ഇന്ത്യ നേടുന്ന മേധാവിത്വത്തെ നേരിടാൻ ചൈനീസ് നിർമ്മിത ജെ-10സിഇ (J-10CE) വിമാനങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കാനാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്. സിംഗിൾ എൻജിൻ മൾട്ടിറോൾ യുദ്ധവിമാനമാണ് ജെ-10സിഇ. ഇതിനൊപ്പം ഇന്ത്യ സ്വന്തമായി സ്റ്റൈൽത്ത് വിമാനം വികസിപ്പിക്കുന്നതിനാൽ അതിനെ മറികടക്കാൻ ചൈനയിൽനിന്ന് ജെ-35 (J-35) സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വേഗത്തിൽ സ്വന്തമാക്കാനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്. പാകിസ്താൻ ജെ-35 യുദ്ധവിമാനങ്ങൾ നൽകാനുള്ള താത്പര്യം ചൈന നേരത്തെ അറിയിച്ചിരുന്നതുമാണ്. പാക് പൈലറ്റുമാർ നിലവിൽ ചൈനയിൽ പരിശീലനം ആരംഭിച്ചതായാണ് വിവരം.

നേരത്തെ ഇന്ത്യ 36 റഫാൽ വിമാനങ്ങൾ സ്വന്തമാക്കിയപ്പോഴാണ് ചൈനയിൽനിന്ന് ജെ-10സിഇ യുദ്ധവിമാനങ്ങൾ പാകിസ്താൻ വാങ്ങിയത്. ഇന്ത്യ ഇവയുടെ എണ്ണം വർധിപ്പിക്കുന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം തലവേദന വർധിപ്പിക്കുന്നതാണ്. ചൈനീസ് യുദ്ധവിമാനങ്ങൾക്ക് എൻജിൻ പ്രശ്‌നങ്ങൾ തുടർക്കഥയാണ്. നിലവിൽ പാകിസ്താനല്ലാതെ മറ്റൊരും രാജ്യവും ജെ-10സിഇ യുദ്ധവിമാനങ്ങൾ വാങ്ങിയിട്ടില്ല. ഇതിന് പുറമെ ചൈനയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ തുർക്കിയുടെ ‘KAAN’ എന്ന അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ പങ്കാളിയാകാനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്.

പഴയ സോവിയറ്റ് കാലത്തെ മിഗ്-21 വിമാനങ്ങൾ ഒഴിവാക്കുമ്പോൾ വ്യോമസേനയുടെ കരുത്ത് കുറയാതിരിക്കാനായാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. വ്യോമസേനയുടെയും നാവികസേനയുടെയും പക്കലുള്ള റഫാൽ വിമാനങ്ങൾ ചേർന്നാൽ ഭാവിയിൽ ഇന്ത്യ ഏറ്റവും വലിയ റഫാൽ യുദ്ധവിമാന ഓപ്പറേറ്റായി മാറും.