വാഷിങ്ടൺ: നൊബേൽ സമാധാന സമ്മാനം നിഷേധിക്കപ്പെട്ടത് സമാധാനത്തിനായി പ്രവർത്തിക്കാനുള്ള തന്റെ ബാധ്യത ഇല്ലാതാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൊബേൽ സമ്മാനം നിരസിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി, ഗ്രീൻലൻഡിനായുള്ള തന്‍റെ ആവശ്യത്തെ ട്രംപ് ന്യായീകരിച്ചതായും പിടിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

പിടിബിഎസ് ന്യൂസ് ലേഖകൻ നിക്ക് ഷിഫ്രിന്റെ റിപ്പോർട്ട് പ്രകാരം, നാഷണൽ സെക്യൂരിറ്റി കൗൺസിൽ (NSC) വാഷിംഗ്ടൺ ഡിസിയിലെ യൂറോപ്യൻ അംബാസഡർമാർക്ക് കൈമാറിയ ഒരു കത്തിൽ ട്രംപ് ഈ കാര്യങ്ങൾ വ്യക്തമാക്കി. ഇനി അങ്ങോട്ട് സമാധാനത്തെക്കുറിച്ച് ചിന്തിച്ച് സമയം കളയേണ്ടതില്ലെന്നും തന്റെ രാജ്യത്തിന് എന്താണോ വേണ്ടത് അതിനേക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.

‘പ്രിയ ജോനാസ്: എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും നിങ്ങളുടെ രാജ്യം സമാധാനത്തിനുള്ള നൊബേൽ എനിക്ക് നൽകിയില്ല. സമാധാനം എന്നത് പ്രധാനമാണെങ്കിലും ഇനി ഞാൻ എല്ലായ്പ്പോഴും അതിനെക്കുറിച്ച് മാത്രം ചിന്തിക്കേണ്ടതില്ല. ആ സമയത്ത്, അമേരിക്കൻ ഐക്യനാടുകൾക്ക് നല്ലതും ശരിയായതുമായ കാര്യങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയും’, ട്രംപ് പറഞ്ഞു.

തുടർന്ന് ഗ്രീൻലൻഡിനെ നിയന്ത്രണത്തിലാക്കുന്നത് സംബന്ധിച്ച തന്റെ ആവശ്യം ട്രംപ് വീണ്ടും മുന്നോട്ടുവെക്കുകയും ദ്വീപിനുമേലുള്ള ഡെൻമാർക്കിന്റെ പരമാധികാരത്തെ തള്ളിക്കളയുകയും ചെയ്തു. ‘റഷ്യയിൽനിന്നോ ചൈനയിൽനിന്നോ ആ ഭൂപ്രദേശത്തെ ഡെൻമാർക്കിന് സംരക്ഷിക്കാൻ കഴിയില്ല. അല്ലെങ്കിലും അവർക്ക് അവിടെ എങ്ങനെയാണ് അവകാശം ലഭിക്കുന്നത്? നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ബോട്ട് അവിടെ എത്തിച്ചേർന്നു എന്നതിനപ്പുറം അവർക്ക് ഗ്രീൻലൻഡിൽ അവകാശം ഒന്നുമില്ല. അതിന് പ്രത്യേകിച്ച് രേഖകളും ഇല്ല. അങ്ങനെ നോക്കിയാൽ ഞങ്ങളുടെ ബോട്ടുകളും അവിടെ എത്തിയിട്ടുണ്ട്’, ട്രംപ് പറഞ്ഞു.

ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് കൈമാറണമെന്ന് നാറ്റോയോട് ട്രംപ് ആവശ്യപ്പെട്ടു. ഗ്രീൻലൻഡിന്റെ സമ്പൂർണമായ നിയന്ത്രണം ഞങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ലോകം സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലൻഡ് കൈവശപ്പെടുത്താനുള്ള ട്രംപിന്റെയും സഖ്യകക്ഷികളുടെയും പ്രചാരണം ശക്തമായ സമയത്താണ് ഈ പ്രസ്താവന.

കഴിഞ്ഞ ആഴ്ച, ഗ്രീൻലൻഡ് കൈവശപ്പെടുത്താനുള്ള യുഎസ് നീക്കത്തെ എതിർത്ത ഡെൻമാർക്ക് ഉൾപ്പെടെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് 10 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ജൂണിനുള്ളിൽ ഗ്രീൻലൻഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച, ഗ്രീൻലൻഡിന്റെ പ്രതിരോധം ശക്തിപ്പെടുത്താൻ നാറ്റോ അംഗങ്ങളായ ജർമ്മനി, സ്വീഡൻ, ഫ്രാൻസ്, നോർവേ എന്നിവരോടൊപ്പം ഡെൻമാർക്കും സൈനിക ഉദ്യോഗസ്ഥരെ ഗ്രീൻലൻഡിലേക്ക് അയച്ചിരുന്നു. ഗ്രീൻലൻഡിൽ ഫ്രാൻസ് ‘കര, വ്യോമ, നാവിക സംവിധാനങ്ങൾ’ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ട്രംപിന്റെ പേര് പറയാതെ, ലോകത്തിലെ ചില ശക്തികൾ ‘പുതിയ കൊളോണിയലിസം’ മുന്നോട്ടുവെക്കുന്നു അദ്ദേഹം വിമർശിച്ചു.