പാകിസ്ഥാനിലെ കറാച്ചി നഗരത്തിലെ ഷോപ്പിങ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിങ് മാളിലാണ് വൻ അപകടമുണ്ടായത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതോടെ 65 ലധികം പേരെ കാണാതായതായാണ് വിവരം. ഇവർക്കായി അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ നടത്തിവരികയാണ്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മാളിന്റെ താഴത്തെ നിലയിൽ തുടങ്ങിയ തീ അതിവേഗം മുകൾ നിലകളിലേക്ക് പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇന്നലെ വരെ തീ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കടുത്ത ചൂട് മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കെട്ടിടത്തിന് കാര്യമായ ബലക്ഷയം സംഭവിച്ചതായാണ് വിലയിരുത്തൽ. 1,200 ലധികം കടകൾ സ്ഥിതി ചെയ്യുന്ന മാളിൽ വായുസഞ്ചാരമില്ലാത്തത് കെട്ടിടത്തിനുള്ളിൽ പുക നിറയാൻ കാരണമായി. ഇത് രക്ഷാപ്രവർത്തനങ്ങളുടെ വേഗത കുറച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.
തങ്ങളുടെ 20 വർഷത്തെ കഠിനാധ്വാനം എല്ലാം നഷ്ടപ്പെട്ടുവെന്ന് കടയുടമയായ യാസ്മീൻ ബാനോ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ വ്യക്തമാക്കി. അതേസമയം, അപകടമുണ്ടായി 23 മണിക്കൂറിനുശേഷം മാത്രം സ്ഥലത്തെത്തിയ മേയർക്കെതിരെ പ്രതിഷേധം ഉയർന്നു.



